ആരും അറിഞ്ഞില്ല, ആരോടും പറഞ്ഞില്ല; യുവതീ ദര്‍ശനം സാധ്യമാക്കിയത് പോലീസിന്റെ രഹസ്യപദ്ധതി
ശബരിമല: ശബരിമല യുവതീ പ്രവേശം സാധ്യമാക്കിയതിനു പിന്നില്‍ പോലീസിന്റെ വ്യക്തമായ ആസൂത്രണം. മുമ്ബുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അതീവ രഹസ്യ പദ്ധതിയാണ് പോലീസ് നടപ്പിലാക്കിയത്. ബിന്ദുവും കനകദുര്‍ഗയും പമ്ബയില്‍ എത്തി സഹായം ആവശ്യപ്പെട്ടതുമുതലാണ് മലകയറുന്നതിനു വേണ്ട സഹായം പോലീസ് ചെയ്തു നല്‍കിയത്.
പുരുഷന്മാര് ഉള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘമായാണ് ബുന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിന് എത്തിയത്. അര്‍ധരാത്രി 12. 15 ന് പമ്ബയില്‍ എത്തിയ ഈ സംഘം മലചവുട്ടുന്നതിനു പോലീസ് സുരക്ഷ ആവശ്യപ്പെട്ടു.
എന്നാല്‍ സുരക്ഷ നല്‍കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പോലീസ് അറിയിച്ചെങ്കിലും സംഘം തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് രഹസ്യപദ്ധതി തയറാക്കുകയായിരുന്നു.
എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പം പത്തില്‍ താഴെ പോലീസ് മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കിയ പോലീസ് ആവട്ടെ അയ്യപ്പവേഷത്തിലും. സംഘത്തിനു ഏതാനും മീറ്റര്‍ മുന്നിലായി അഞ്ചോളം പോലീസുകാരും പിന്നില്‍ ഏതാനും മീറ്റര്‍ മാറി ബാക്കിപോലീസുകാരും എന്ന നിലയിലായിരുന്നു സുരക്ഷ. മലചവുട്ടുന്ന വഴിയില്‍ നില്ക്കുന്ന മറ്റുപോലീസുകാര്ക്കുപോലും സംശയം ഉണ്ടായില്ല.
പുലര്‍ച്ചെ അയ്യപ്പന്മാര് മലകയറുക മാത്രമാണ് ചെയ്യുന്നത്. ഈ സമയം അയ്യപ്പന്മാര് തിരിച്ചിറങ്ങാന്‍ ഉണ്ടാവില്ല. അതിനാല്‍ തന്നെ തിരക്കും ഉണ്ടായിരുന്നില്ല. ഇതും മലകയറാന്‍ യുവതികള്‍ക്കു സഹായകമായി.
വലിയ നടപ്പന്തലില്‍ എത്തിയ യുവതികളെ മേല്‍പ്പാലം വഴി കടത്തിവിടാതെ ട്രാക്ടര്‍ കടന്നുപോകുന്ന വഴിയിലൂടെയാണ് സന്നിധാനത്തേക്ക് എത്തിച്ചത്. പതനിനെട്ടാം പടി ചവുട്ടാതെ ശ്രീകോവിലിനു സമീപമെത്തിയ യുവതികള്‍ വേഗം ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്കുപോയി. പത്തുമിനിറ്റിനുള്ളില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു. അപ്പോള്‍ പുലര്‍ച്ചെ 3.15 ആയിരുന്നു സമയം. വേഗം തന്നെ യുവതികളുമായി പോലീസ് മലയിറങ്ങി.
പമ്ബയില്‍ തിരിച്ചെത്തിയ ശേഷം മാത്രമാണ് ഇക്കാര്യം ദേവസ്വംബോര്‍ഡ് അധികൃതര്‍പോലും വിവരം അറിയുന്നത്. യുവതികള്‍ തന്നെ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഇക്കാര്യം ലോകത്തോട് പറഞ്ഞത്.

No comments