Breaking News

യുവതി പ്രവേശനം: നാളെ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താല്‍.. സംസ്ഥാനത്ത് കലാപ ശ്രമം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
യുവതി പ്രവേശനത്തിന് ഒത്താശ ചെയ്ത പോലീസ്, സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമലയില്‍ എത്തിയത് മാവോയിസ്റ്റുകളാണെന്ന് അവര്‍ പറഞ്ഞു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, തീര്‍ഥാടകര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയാമെങ്കിലും തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് അവര്‍ പറഞ്ഞു.
അതേസമയം, ഹര്‍ത്താലിനെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

യുവതി പ്രവേശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധ സമരം ബി.ജെ.പി അഴിച്ചിരിട്ടിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും നെയ്യാറ്റിന്‍കരയിലും കൊല്ലത്ത് കൊട്ടാരക്കരയിലും കൊച്ചിയില്‍ കച്ചേരിപ്പടിയിലും തൃശൂര്‍ കൊടുങ്ങല്ലൂരിലും വടക്കഞ്ചേരിയിലും റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.
ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കടകള്‍ ബലമായി അടപ്പിക്കുകയാണ്. പലയിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റവുമുണ്ടായി.

No comments