Breaking News

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും ; സംസ്ഥാന നേതൃത്വം സംസാരിച്ചതായി ഉമ്മന്‍ചാണ്ടി ; മാറി നില്‍ക്കാന്‍ തയ്യാറാകുമെന്ന് ടി സിദ്ദിഖ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത സീറ്റ് തര്‍ക്കം നടക്കുന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന.
ഹൈക്കമാന്റിന്റെ തീരുമാനം എകെ ആന്‍റണി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയെ അറിയിച്ചതായിട്ടാണ് വിവരം.
രാഹുലിന്റെ രണ്ടാമത്തെ മണ്ഡലമായി വയനാട് പരിഗണിക്കണം എന്ന കാര്യം കെപിസിസി രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും തീരുമാനം അദ്ദേഹത്തിന്റെ പരിഗണനയിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.

അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ മറുപടിക്കായി സംസ്ഥാന നേതൃത്വം കാത്തിരിക്കുകയാണ്.

വയനാട്ടിലെ സ്ഥാനാര്‍ത്ഥി ടി സിദ്ദിഖുമായും സംസാരിച്ചെന്നും രാഹുല്‍ഗാന്ധി വന്നാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്.
രാഹുല്‍ എത്തുന്നത് കേരളത്തില്‍ ഉടനീളം കോണ്‍ഗ്രസ് തരംഗം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ശക്തമായ ഗ്രൂപ്പ് പോര് നടന്ന വയനാട്ടില്‍ എ ഗ്രൂപ്പിലെ ടി സിദ്ദിഖിനെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ വന്നാല്‍ മാറി നില്‍ക്കുമെന്ന് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.
രാഹുലിന്റെ പ്രചരണചുമതല ഏറ്റെടുക്കുമെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ച പേരുകള്‍ അംഗീകരിച്ചെങ്കിലൂം വയനാടിന്റെയും വടകരയുടെയും കാര്യത്തില്‍ ആരു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
ഇന്ന് പുലര്‍ച്ചെ പുറത്തുവന്ന ഏഴാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഉണ്ടായിരുന്നില്ല.

യുപിയിലെ അമേഠിയില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ രാഹുലിന് എതിരാളിയാകുന്നത്.
രണ്ടാം മണ്ഡലം എന്ന നിലയിലാണ് വയനാട്ടില്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് രാഹുലിനോട് വയനാട്ടില്‍ മത്സരിക്കാമോയെന്ന് കെപിസിസി ചോദിച്ചിരിക്കുന്നത്. നേരത്തേ ഗ്രൂപ്പ് തര്‍ക്കം മുറുകയിരുന്ന കാലത്ത് ഇവിടെ രാഹുല്‍ മത്സരിക്കാന്‍ എത്തുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും യുപിയില്‍ നിന്നു തന്നെ മത്‌സരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.

No comments