Breaking News

വിജരാഘവനെതിരെ പരാതി നല്‍കിയിട്ട് തന്നെയൊന്ന് വിളിക്കാന്‍ പോലും വനിത കമ്മിഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ്

സി.പി.എം മുതിര്‍ന്ന നേതാവും ഇടതുമുന്നണി കണ്‍വീനറുമായ എ.വിജയരാഘവനെതിരെ നല്‍കിയ പരാതിയില്‍ പരാതിക്കാരിയെ ഒന്ന് ഫോണ്‍ ചെയ്ത് ചോദിക്കുവാനുള്ള മര്യാദ പോലും വനിത കമ്മിഷന്‍ കാണിച്ചില്ലെന്ന ഗുരുതര ആരോപണവുമായി ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പര്യടനത്തിനിടെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ വനിത കമ്മീഷനില്‍ രമ്യ പരാതി നല്‍കിയിരുന്നു.

ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വനിത കമ്മീഷന്‍ തനിക്ക് നീതി നിഷേധിച്ചുവെന്ന് രമ്യ ആരോപിക്കുന്നത്.

വനിത കമ്മിഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും സ്ത്രീകളുടെ ഭാഗത്ത് നിന്ന് അവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയാണ് വനിത കമ്മിഷനില്‍ തനിക്കുണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, വിജയരാഘവനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും യു.ഡി.എഫ് തീരുമാനത്തിന് അനുസൃതമായി കേസില്‍ മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇടത് കോട്ടയായിരുന്ന ആലത്തൂരില്‍ ഒന്നരലക്ഷത്തിന് മേല്‍ ഭൂരിപക്ഷം നേടി വന്‍വിജയമാണ് രമ്യഹരിദാസ് സ്വന്തമാക്കിയത്. ഇടത് പരാജയത്തിന് പിന്നാലെ വിജയ രാഘവനെ വിമര്‍ശിച്ചു കൊണ്ട് മന്ത്രി എ.കെ.ബാലനും രംഗത്ത് വന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

No comments