Breaking News

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്.. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കണ്ട്..

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പരാജയഭീതി മൂലം കുമ്മനം രാജശേഖരന്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കുമ്മനത്തിനെതിരെയുള്ള ചെന്നിത്തലയുടെ വിമര്‍ശനം.
പരാജയ ഭീതി മൂലം യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്റെ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞതോടെയാണ് ബി.ജെ.പി നിലപാട് മാറ്റിയതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

ഇതിനു മുന്‍പും മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹന്‍കുമാര്‍. സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞ ബി.ജെ.പിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോദ്ധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന്റെ ഒളിച്ചോട്ടം. യു.ഡി.എഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.‌ഡി.എഫിനും ബി.ജെ.പിക്കും എതിരായി കണ്ട ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്,​ അന്നത്തെ യു.ഡി.എഫ് അനുകൂല വികാരം ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകും. ഈ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റം കുറിക്കുന്നതായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

No comments