Breaking News

ബിജെപിയെ വീഴ്ത്താന്‍ ഒരടി പിന്നോട്ട്.. ജാര്‍ഖണ്ഡ് തന്ത്രവുമായി കോണ്‍ഗ്രസ് വീണ്ടും.. ബിഹാറും പിടിക്കും..

ജാര്‍ഖണ്ഡിലെ വിജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബിഹാറില്‍ തിരഞ്ഞെടുപ്പിന് നിയമസഭാ മുന്നോടിയായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനം.
ജാര്‍ഖണ്ഡിന്റെ അയല്‍ സംസ്ഥാനമായ ബിഹാറില്‍ ജാര്‍ഖണ്ഡിലെതിന് സമാനമായ രാഷ്ട്രീയ തന്ത്രം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യെ മുന്നില്‍ നിര്‍ത്തിയാണ് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടതെങ്കില്‍ ബിഹാറില്‍ ആര്‍ജെഡിയെ മുന്നില്‍ നിര്‍ത്തിയാണ് മല്‍സരിക്കുക.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാകും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.

കോണ്‍ഗ്രസ്, ആര്‍ജെഡി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവരാണ് ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിലുള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യമാണ് ബിജെപി-ജെഡിയു-എല്‍ജെപി സഖ്യത്തെ നേരിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനൊപ്പം സിപിഐ (എംഎല്‍) ഉള്‍പ്പെടെയുള്ള ചില ഇടതുപാര്‍ട്ടികളുമുണ്ടായിരുന്നു. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ മഹാസഖ്യത്തിനൊപ്പമുണ്ടാകുമോ എന്ന് വ്യക്തമല്ല. തേജസ്വി യാദവിന് സിപിഎം, സിപിഐ കക്ഷികളുമായി അടുത്ത ബന്ധമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞമാസം ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു ആര്‍ജെഡി. ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു ബന്ദ്. അതുകൊണ്ടുതന്നെ തേജസ്വിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വൈമനസ്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

മഹാസഖ്യത്തില്‍ തലവേദന സൃഷ്ടിക്കുക സീറ്റ് വിഭജനമായിരിക്കും. വരുന്ന ഏപ്രില്‍ മുതല്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാകണം അതിന് മുന്നോടിയായുള്ള പ്രധാന പ്രവര്‍ത്തനമെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം തീരുമാനിച്ചു.


വരുന്ന ഒക്ടോബറിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 243 നിയമസഭാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ബിഹാറിന്റെ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവ് ശക്തി സിങ് ഗോഹില്‍ പറഞ്ഞു.
ആര്‍ജെഡിക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് ബിഹാര്‍. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിലയിരുത്തന്നു. വല്യേട്ടന്‍ മനോഭാവം മാറ്റിവച്ച്, ആര്‍ജെഡിക്ക് പിന്നിലായി നിന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

ജില്ലാ-പ്രാദേശിക തലങ്ങളില്‍ സഖ്യകക്ഷികളുമായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഇല്ലാത്തതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പറ്റിയ പാളിച്ച.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കരുതെന്ന് ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായി പ്രവര്‍ത്തനം ഒതുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

25 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ബിഹാറില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. മല്‍സരിച്ച 41 സീറ്റില്‍ 27ഉം കോണ്‍ഗ്രസ് ജയിച്ചു. പക്ഷേ, അന്ന് മഹാസഖ്യത്തില്‍ ജെഡിയുവും ഉണ്ടായിരുന്നു. ഇന്ന് ജെഡിയു എന്‍ഡിഎ സഖ്യത്തിലാണ്.

നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ശക്തമായ വികാരം ബിഹാറിലുണ്ട്. ഇത് വേണ്ട വിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ നേട്ടം കൈവരിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എന്‍ഡിഎ സഖ്യത്തിന് ഇപ്പോള്‍ തന്നെ കാലിടറി തുടങ്ങിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കിഷോര്‍ കുമാര്‍ ഝാ പറഞ്ഞു.

എന്‍ഡിഎ സഖ്യം സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ജെഡിയു മുന്നോട്ടു വച്ച നിര്‍ദേശം ബിജെപി അംഗീകരിച്ചിട്ടില്ല. എന്‍ഡിഎയിലെ പോര് തങ്ങള്‍ക്ക് നേട്ടമാകുമെന്ന കോണ്‍ഗ്രസ് നേതാവ് കിഷോര്‍ കുമാര്‍ പറയുന്നു. അതേസമയം, ജെഡിയുവിനെ കൂടെ നിര്‍ത്താന്‍ ബിജെപി മറ്റു ചില തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്.

നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയുവിന് അംഗമില്ല. ജെഡിയുവിന് മന്ത്രിപദവി നല്‍കാനാണ് ബിജെപിയുടെ നീക്കം.
മാത്രമല്ല, ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നും അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

ജാതി സമവാക്യങ്ങള്‍ മഹാസഖ്യത്തിന് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് വാദം. മുസ്ലിം, യാദവ വോട്ടുകള്‍ ആര്‍ജെഡി പിടിക്കും. ഒബിസി വിഭാഗത്തില്‍ ശക്തമായ സ്വാധീനമാണ് ആര്‍എല്‍എസ്പിക്കുള്ളത്.
പട്ടിക ജാതി വിഭാഗക്കാരുടെ നേതാവാണ് മാഞ്ചി. നിഷാദ് സമുദായത്തിന്റെ പാര്‍ട്ടിയാണ് വിഐപി. ഇതെല്ലാം മഹാസഖ്യത്തിന് അനുകൂലഘടകങ്ങളാണെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

അതേസമയം, എല്ലാ ജാതി സമവാക്യങ്ങളും തകര്‍ത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയത് എന്നത് എടുത്തുപറയേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങള്‍ക്കിടയിലും ശക്തമായ സ്വാധീനം ഒരുകാലത്ത് കോണ്‍ഗ്രസിനുണ്ടായിരുന്നു. 1990കള്‍ മുതലാണ് കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞതും പ്രാദേശിക പാര്‍ട്ടികള്‍ അതിവേഗം വളര്‍ന്നതും.

No comments