Breaking News

മഹാരാഷ്ട്രയില്‍ ബിജെപി നയം പൊളിക്കുന്നു..!! കാര്യങ്ങള് കോൺഗ്രസിന്റെ വഴിക്ക്..!! ഉദ്ധവ് സര്‍ക്കാര്‍ മുസ്ലിം സംവരണം പുനസ്ഥാപിക്കും..!! എൻആർസി പറ്റില്ല.. പക്ഷേ സിഎഎ ഓകെ..!! കാരണം..

മഹാരാഷ്ട്രയില്‍ ബിജെപി നയം പൂര്‍ണമായും പൊളിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആലോചന തുടങ്ങി. മുസ്ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം.
ഇക്കാര്യത്തില്‍ നിയമ വിദഗ്ധരില്‍ നിന്ന് ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് ആണ് ഇക്കാര്യം വിശദീകരിച്ചത്.

2014ല്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാര്‍ പ്രഖ്യാപിച്ച മുസ്ലിം സംവരണം തൊട്ടുപിന്നാലെ വന്ന ബിജെപി സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പുതിയ മഹാവികാസ് അഗാഡി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ മുസ്ലിം സംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന നവാബ് മാലിക് പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും മുസ്ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. 2014ലെ തീരുമാനം വീണ്ടും നടപ്പാക്കുകയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍. കോടതി വിധി അനുകൂലമായിട്ടും ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു.

ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രൂപീകരിച്ച മഹാവികാസ് അഗാഡി സര്‍ക്കാര്‍ പൊതുമിനിമം പരിപാടി തയ്യാറാക്കിയിരുന്നു.
ഓരോ പാര്‍ട്ടികളുടെയും നിലപാടുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇത് തയ്യാറാക്കിയത്. മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസും എന്‍സിപിയും ആവശ്യപ്പെട്ടത് പ്രകാരമാണ് നടപ്പാക്കുന്നതെന്ന് നവാബ് മാലിക് പറഞ്ഞു.

മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് നിയമോപദേശം തേടാന്‍ തീരുമാനിച്ചുവെന്ന് നവാബ് മാലിക് പറഞ്ഞു. അന്തിമ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2014ല്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് മുസ്ലിം സംവരണം ഏര്‍പ്പെടുത്താന്‍ അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പരാജയപ്പെട്ടു.

ശേഷം അധികാരത്തിലെത്തിയ ബിജെപി മുസ്ലിം സംവരണം അവഗണിച്ചു. ഓര്‍ഡിനന്‍സ് കാലാവധി അവസാനിക്കുകയും ചെയ്തു.
മുസ്ലിം സംവരണം നല്‍കുന്നതിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നുവെന്നും നവാബ് മാലിക് പറഞ്ഞു. പുതിയ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം ന്യായീകരിച്ചു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ആരുടെയും പൗരത്വം എടുത്തുകളയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതപീഢനം മൂലം ഇന്ത്യയില്‍ അഭയം തേടിയവരെയാണ് സിഎഎ പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പൗരത്വം തെളിയിക്കുക എന്നത് പ്രയാസകരമാകുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അഭിമുഖ വീഡിയോയുടെ ഒരു ഭാഗം ശിവസേന എംപി സഞ്ജയ് റാവത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പുതിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിഹരിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം സമുദായത്തിലെ പ്രമുഖര്‍ ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ കേരളവും പഞ്ചാബും പാസാക്കിയ പോലെ മഹാരാഷ്ട്ര നിയമസഭയിലും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിമുഖത്തില്‍ ഒന്നും പറഞ്ഞില്ല.

കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന നിയമസഭകളിലാണ് സിഎഎക്കെതിരെ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രമേയം പാസാക്കുമെന്നാണ് വിവരം.

No comments