Breaking News

നിയമസഭാപ്രമേയം..!! ബിജെപി എംഎൽഎ ഒ.രാജഗോപാലിനെച്ചൊല്ലി രാജ്യസഭയില്‍ തര്‍ക്കം..!!

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തോട് ഏക ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി രാജ്യസഭയില്‍ സി.പി.എമ്മിലെ എളമരം കരീമും പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരനും തമ്മില്‍ തര്‍ക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇത്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്നും ബി.ജെ.പിയുടെ ഏക അംഗവും അതിനെ പിന്തുണച്ചെന്നും എളമരം കരീം പറഞ്ഞു. എന്നാല്‍,ഒ.രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചിട്ടില്ലന്നും എതിര്‍ക്കുകയാണ് ചെയ്തതെന്നും മന്ത്രി മുരളീധരന്‍ മറുപടി പറഞ്ഞു.

പ്രമേയം ഏകകണ്ഠമായി പാസാക്കിയെന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് രാജഗോപാല്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയ കാര്യവും മുരളീധരന്‍ ചൂണ്ടിക്കാട്ടി.ബി.ജെ.പി അംഗം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കരീമിന്റെ മറുപടി..കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചതായും 75 ലക്ഷം പേര്‍ അണിചേര്‍ന്ന മനുഷ്യ ശൃംഖലയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

No comments