ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്..!!
ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തി ദില്ലി പൊലീസ്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി ഒന്നിന് ഷഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
ദില്ലി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തി സമരക്കാര്‍ക്ക് നേരെ വെടിവെച്ച ഇയാളെ
പൊലീസ് കസ്റ്റിഡിയിലെടുത്തു. 2019ന്‍റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. കപില്‍ ഗുജ്ജറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.


No comments