Breaking News

മോദിക്കെതിരായ രാഹുലിന്റെ പരാമര്‍ശം,​ ലോക്‌സഭയില്‍ ബി.ജെ.പി - കോണ്‍ഗ്രസ് കൈയാങ്കളി

യുവാക്കള്‍ മോദിയെ വടിയെടുത്ത് അടിക്കുമെന്ന് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെച്ചൊല്ലി ലോക്സഭയില്‍ കോണ്‍ഗ്രസ് -ബി.ജെ.പി എം.പിമാരുടെ ബഹളം കൈയ്യാങ്കളിയിലെത്തി. ഇരുവിഭാഗവും പരസ്പരം പോരടിച്ചതോടെ രണ്ടുതവണ നിറുത്തിവച്ച സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്പീക്കര്‍ക്ക് പരാതി നല്‍കി.
ചോദ്യോത്തരവേളയിലായിരുന്നു ബഹളം. വയനാട്ടില്‍ ഉള്‍പ്പെടെ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രാഹുല്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ എഴുന്നേറ്റ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍,
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തെക്കുറിച്ചാണ് സംസാരിച്ചത്.
സഭ ഇതിനെ അപലപിക്കണമെന്ന് ഹര്‍ഷവദ്ധന്‍ ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു. ചോദ്യത്തിന് മറുപടി പറയാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി പ്രസ്താവന തുടര്‍ന്നു. ഇതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മാണിക്കം ടാഗോര്‍ നടുത്തളത്തിലിറങ്ങി ഭരണപക്ഷബെഞ്ചിലേക്ക് നീങ്ങി മന്ത്രിക്കു മുന്നിലെത്തി പ്രസംഗം നിറുത്താന്‍ ആവശ്യപ്പെട്ടു. യു.പിയില്‍ നിന്നുള്ള ബി.ജെ.പി അംഗം ബ്രിജ്ഭൂഷണ്‍ സിംഗ് ഇത് തടയാനെത്തി. ബഹളമായതോടെ സ്പീക്കര്‍ ഒരു മണിവരെ സഭ നിറുത്തിവയ്ക്കുന്നതായി അറിയിച്ചു. മാണിക്കത്തെ ബ്രിജ്ഭൂഷണ്‍ പിടിച്ചുതള്ളിയതായി കോണ്‍ഗ്രസ് എം.പിമാര്‍ പറഞ്ഞു. അതിനിടെ കോണ്‍ഗ്രസ് അംഗം ഹൈബി ഈഡനും മാണിക്കത്തിനടുത്തെത്തി. മന്ത്രി സ്മൃതി ഇറാനി ബ്രിജ് ഭൂഷണെ തടഞ്ഞു. ബി.ജെ.പി അംഗം നിശികാന്ത് ദുബെ ഹൈബിയേയും പിടിച്ചുമാറ്റി.
തുടര്‍ന്ന് കോണ്‍ഗ്രസ് സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയ്, കെ.മുരളീധരന്‍, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, വി.കെ.ശ്രീകണ്ഠന്‍ തുടങ്ങിവര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഒരു മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ , മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഇരുപക്ഷവും ബഹളം തുടങ്ങിയതോടെ രണ്ടു മണി വരെ നിറുത്തിവച്ചു. ബഹളം തുടര്‍ന്നതോടെ സഭ തിങ്കളാഴ്ചത്തേയ്ക്കു പിരിഞ്ഞു. 

No comments