Breaking News

കുട്ടനാടിന് പിന്നാലെ ചവറയും ഉപതിരഞ്ഞെടുപ്പിലേക്ക്

അധികാരമേറ്റ ശേഷം തുടര്‍ച്ചയായ പത്താമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെയാണ് പിണറായി സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്.കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇനി ചവറയിലേക്കും ചേര്‍ത്തൊരുമിച്ച്‌ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുമുണ്ട്. കുട്ടനാട്ടില്‍ ഏപ്രിലില്‍ ഉപതിരഞ്ഞെടുപ്പുണ്ടാവുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നു കഴിഞ്ഞു.
ഈ സര്‍ക്കാര്‍ വന്നശേഷം ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കായിരുന്നു. 2017ല്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അത്. അന്ന് വേങ്ങര എം.എല്‍.എയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ച്‌ പാര്‍ലമെന്റിലേക്ക് മത്സരിച്ച്‌ ജയിച്ചതോടെ വേങ്ങരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിലെ കെ.എന്‍.എ. ഖാദര്‍ വിജയിച്ച്‌ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് നിലനിറുത്തി. ചെങ്ങന്നൂര്‍ അംഗമായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018 ജൂണിലായിരുന്നു അടുത്ത ഉപതിരഞ്ഞെടുപ്പ് .സജി ചെറിയാന്റെ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയത്തോടെ സീറ്റ് നിലനിറുത്താനായത് ഇടതുമുന്നണിക്ക് നേട്ടമായി.
മഞ്ചേശ്വരത്തെ ലീഗ് അംഗമായിരുന്ന പി.ബി. അബ്ദുള്‍റസാഖിന്റെ നിര്യാണം പിന്നാലെ. തിരഞ്ഞെടുപ്പ് കേസ് കാരണം ഒരു വര്‍ഷത്തിലേറെ പിന്നിട്ട ശേഷം 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞായിരുന്നു ഉപതിരഞ്ഞെടുപ്പ് . അതിന് മുമ്ബ് കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. എം.എല്‍.എ സ്ഥാനമൊഴിഞ്ഞ് ലോക്‌സഭയിലേക്ക് മത്സരിച്ച്‌ ജയിച്ച കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡന്‍ എന്നിവരുടെ ഒഴിവുകളിലേക്ക് യഥാക്രമം വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. മഞ്ചേശ്വരത്തും ഇതിനൊപ്പമാണ് നടന്നത്. പാലാ യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍.ഡി.എഫ്, പിന്നാലെ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ജയിച്ച്‌ യു.ഡി.എഫിനെ ഞെട്ടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം മറികടക്കാന്‍ ഇതോടെ സാധിച്ചു. തുടര്‍ച്ചയായി നാലാം വര്‍ഷമാണിപ്പോള്‍ ഇടതുസര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് പരീക്ഷണം നേരിടേണ്ടി വരുന്നത്. അടുത്ത വര്‍ഷം മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, ഇടതു,വലത് മുന്നണികള്‍ക്ക് ഇത് ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്.
എന്‍.സി.പിയുടെ സിറ്റിംഗ് സീറ്റായിരുന്ന കുട്ടനാട് അവര്‍ക്ക് വിട്ടുകൊടുത്ത ഇടതുമുന്നണിക്ക് വേണ്ടി ചവറയില്‍ സി.പി.എം തന്നെയാവും മത്സരിക്കുക. സി.എം.പി -അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജയിച്ചതാണെങ്കിലും പിന്നീട് അവര്‍ സി.പി.എമ്മില്‍ ലയിച്ചതോടെ വിജയന്‍ പിള്ള സി.പി.എമ്മിന്റെ ഭാഗമായി. പരമ്ബരാഗതമായി ആര്‍.എസ്.പി കൈവശം വച്ചുപോന്ന സീറ്റില്‍ ഷിബു ബേബിജോണിനെ അട്ടിമറിച്ചായിരുന്നു വിജയന്‍പിള്ളയുടെ വിജയം. യു.ഡി.എഫില്‍ സീറ്റ് ആര്‍.എസ്.പിക്ക് തന്നെയാവും. ഷിബു ബോബിജോണ്‍ വീണ്ടും മത്സരരംഗത്തിറങ്ങാനാണ് സാദ്ധ്യത.

No comments