കോണ്‍ഗ്രസിന് വസന്തം..!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും..!! എംഎല്‍എമാര്‍ വര്‍ധിക്കും..!!
സമീപകാലത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് ഛത്തീസ്ഗഢ്. 2018 ഡിസംബറില്‍ നടന്ന നിമസഭാ തിരഞ്ഞെടുപ്പിലാണ് രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇതില്‍ 22 എംഎല്‍എമാരുടെ രാജിയോടെ മധ്യപ്രദേശ് ഭരണം ബിജെപി തിരികെ പിടിക്കുകയും ചെയ്തു. എന്നാല്‍ ചത്തീസ്ഗഡില്‍ ഇപ്പോഴും പുതിയ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 67 ഉം നേടിയാണ് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്ക് ഒതുക്കിയായിരുന്നു കോണ്‍ഗ്രസിന്‍റെ തേരോട്ടം. ബിജെപിക്ക് പുറമെ മറ്റ് വെല്ലുവിളികളേയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിരുന്നു.
സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയായ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും ബിഎസ്പിയുമായി ഉണ്ടാക്കിയ സഖ്യം ഉയര്‍ത്തിയ വെല്ലുവിളികളേയും കോണ്‍ഗ്രസിന് മറികടക്കാന്‍ സാധിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അജിത് ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കുമെന്നായിരുന്നു ഏവരും വിലയിരിത്തിയുന്നത്.
എന്നാല്‍ ഫലം വന്നപ്പോള്‍ അജിത് ജോഗിയുടേയും ബിജെപിയുടേയും തട്ടകങ്ങളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. മുന്നാശക്തിയാവുമെന്ന് വിലയിരുത്തപ്പെട്ട അജിത് ജോഗിയുടെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത് 5 സീറ്റുകള്‍ മാത്രമായിരുന്നു. അജിത് ജോഗി മരണപ്പെട്ടതോടെ ഈ സീറ്റുകളിലേക്ക് കൂടി കണ്ണുവെക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.
ജോഗിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ചില ചര്‍ച്ചകളും നടക്കുകയും ചെയ്തു. എന്നാല്‍ ജോഗിയുടെ ഭാര്യ അടക്കമുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ ഈ നീക്കങ്ങള്‍ താല്‍ക്കാലികമായി നിലച്ച മട്ടാണ്.
ഇതോടെ അജിത് ജോഗിയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മാര്‍വാഹി നിയമസഭാ മണ്ഡലത്തിലേക്ക് ശ്രദ്ധ കേന്ദീകരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ച് തവണ തുടര്‍ച്ചായി അജിത് ജോഗിയുടെ കുടുംബം ജയിച്ചു വന്ന മണ്ഡലമാണ് മാര്‍വാഹി. ഇവിടെ ഇതുവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും താന്‍റെ 'ടാര്‍ഗറ്റ് 70' എന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വിശേഷിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പില് കോണ്‍ഗ്രസ് തീര്‍ച്ചയായും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രകൂട്ട്, ജഗദൽപൂർ എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കാന്‍ കോണ്‍ഗ്രസിന് നേരത്തെ സാധിച്ചിരുന്നു. ഇതോടെ നിയമസഭയിലെ അംഗബലം 67 ല്‍ നിന്നും 69 ലേക്ക് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.
മാര്‍വാഹി സീറ്റ് ലക്ഷ്യം വെക്കുന്നതിലൂടെ കോണ്‍ഗ്രസിന് മറ്റ് ചില പദ്ധതികളും ഉണ്ട്. കോണ്‍ഗ്രസുമായി ലയിക്കണമെന്ന അഭിപ്രായമുള്ള ഒരു വിഭാഗം ഇപ്പോള്‍ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസിലുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഇവരുടെ ആവശ്യത്തിന് സമ്മര്‍ദ്ദമേറും.
അജിത് ജോഗിയുടെ മരണത്തോടെ ജെസിസിക്ക് ശക്തമായ നേതൃത്വം ഇല്ലാതിയിട്ടുണ്ട്. നാല് എംഎല്‍എമാരാണ് ജെസിസിക്കുള്ളത്. ഇതില്‍ അജിത് ജോഗിയുടെ ഭാര്യ ഡോക്ടര്‍ രേണു ജോഗിയും ഉള്‍പ്പെടും. മറ്റ് മൂന്ന് എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് ലയനത്തിന് സമ്മതമായിരുന്നെങ്കിലും രേണുക ജോഗി എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു.
മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്നു അജിത് ജോഗി. ഔദ്യോഗിക ജീവിതം മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹമാണ് ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് മല്‍സരിക്കുകയായിരുന്നു അദ്ദേഹം.
ബിഎസ്പി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം ചേര്‍ന്നായിരുന്നു പോരാട്ടം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെസിസിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
ബിജെപിയുടെ തുടര്‍ച്ചയായ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് വന്‍ മുന്നേറ്റത്തോടെ അധികാരത്തിലെത്തി. 90 അംഗ നിയമസഭയില്‍ 68 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായി.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ലയിക്കാന്‍ ജെസിസിയുടെ നേതാക്കള്‍ ആലോചിച്ചിരുന്നു. ഒറ്റപ്പെട്ട ചര്‍ച്ചകളും നടന്നു. അജിത് ജോഗി മരിച്ച സാഹചര്യത്തില്‍ ജെസിസിക്ക് ശക്തനായ നേതാവില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി ലയിക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ വേഗത്തിലാകും.
നാല് എംഎല്‍എ മാരാണ് ജെസിസിക്കുള്ളത്. ഇതില്‍ അജിത് ജോഗിയുടെ ഭാര്യ ഡോക്ടര്‍ രേണു ജോഗിയും ഉള്‍പ്പെടും. കോണ്‍ഗ്രസില്‍ ലയിക്കുന്നതിന് നാല് എംഎല്‍എമാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ലയനം സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതി ആവശ്യമാണ്. ഇതിന് കാത്തിരിക്കുകയാണ് ഛത്തീസഗഡ് പിസിസി.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് നിലവില്‍ ഛത്തീസ്ഗഡില്‍ ആശങ്കയ്ക്ക് വകയില്ല. കര്‍ഷക-തൊഴിലാളി അനുകൂല പദ്ധതികളിലൂടെ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഇതിനോട് യോജിക്കുന്നവരാണ് ജെസിസിയുടെ എംഎല്‍എമാര്‍.
അജിത് പ്രമോദ് കുമാര്‍ ജോഗി എന്ന അജിത് ജോഗി നേരത്തെ ഐഎഎസുകാരനായിരുന്നു. ഇന്‍ഡോര്‍ ജില്ലാ കളക്ടറായി ഏറെകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായുള്ള ബന്ധം അദ്ദേഹത്തെ കോണ്‍ഗ്രസിലെത്തിച്ചു. പട്ടിക ജാതി വിഭാഗത്തിന്റെ ക്ഷേമത്തിനാണ് ജോഗി ഊന്നല്‍ നല്‍കിയിരുന്നത്.
രണ്ടു തവണ രാജ്യസഭാംഗമായി. 1998ല്‍ റായ്ഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്ന വേര്‍പ്പെടുത്തി ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കാന്‍ ചുമതല നല്‍കിയതും അജിത് ജോഗിയെ ആയിരുന്നു. 2000ത്തില്‍ ആദ്യ മുഖ്യമന്ത്രിയുമായി.
2016 ലാണ് അജിത് ജോഗി കോണ്‍ഗ്രസുമായി അകന്നത്. പിന്നീട് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്ന പാര്‍ട്ടി രൂപീകരിച്ച സ്വന്തമായി നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 2018ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം തയ്യാറാക്കിയ ബിഎസ്പി-ജെസിസി-സിപിഐ സഖ്യം കോണ്‍ഗ്രസിന് ഭീഷണിയാകുമെന്നാണ് കരുതിയത്. പക്ഷേ, ജോഗി രാഷ്ട്രീയത്തില്‍ അപ്രസക്തനാകുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ അജിത് ജോഗി വീണ്ടും കോണ്‍ഗ്രസിലെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ചര്‍ച്ചകള്‍ തുടങ്ങിയെന്നും അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ അജിത് ജോഗിയുടെ വിയോഗ ശേഷം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അടുക്കുകയാണ്. ലയനം സാധ്യമാകുന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സാന്നിധ്യം കൂടുതല്‍ ശക്തമാകും.
മധ്യപ്രദേശിലെ രാഷ്ട്രീയ ചിത്രം തന്നെയാണ് ഛത്തീസ്ഗഡിലുമുണ്ടായിരുന്നത്. മധ്യപ്രദേശില്‍ ബിജെപി പതിവായി ജയിക്കാന്‍ തുടങ്ങിയതോടെ ഛത്തീസ്ഗഡിലും അതാവര്‍ത്തിച്ചു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപി വീണു. കൂടെ ഛത്തീസ്ഗഡിലും. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ കളംമാറിയതോടെ മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തി.



































No comments