Breaking News

പിസി ജോര്‍ജ് യുഡിഎഫിലേക്ക്..!! കോട്ടയത്തെ ശക്തി തിരികെ പിടിക്കാന്‍ സര്‍വ്വ വഴിയും തേടി മുന്നണി..

 


കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ യുഡിഎഫിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെല്ലാം കേരള കോണ്‍ഗ്രസിന്‍റെ കൂടി കരുത്തില്‍ ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വലിയ പ്രതീക്ഷകളാണ് ഈ മേഖലയില്‍ നല്‍കുന്നത്. എന്നാല്‍ മറുവശത്ത് സ്വാധീന മേഖലയില്‍ ഏതുവിധേനയും സ്വാധീനം തിരികെ പിടിക്കാനാണ് യുഡിഎഫ് ശ്രമം. ഇതിന്‍റെ ഭാഗമായാണ് പിസി ജോര്‍ജിനെ അടക്കം മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്.


ഏത് പ്രതിസന്ധി സാഹചര്യത്തിലും യുഡിഎഫിന് ഒപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. എന്നാല്‍ ജോസിന്‍റെ മുന്നണി മാറ്റം ജില്ലയിലെ യുഡിഎഫിന്‍റെ നട്ടെല്ല് ഒടിച്ചു. വര്‍ഷങ്ങളായി ആഞ്ഞ് പിടിച്ചിട്ടും ഒപ്പം വരാതിരുന്ന പഞ്ചായത്തുകളില്‍ 39 എണ്ണം ഇത്തവണ എല്‍ഡിഎഫിന്‍റെ കൂടെ പോന്നു. മറുവശത്ത് 2015 ല്‍ 48 ഇടങ്ങളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ 24 ഇടങ്ങളിലേക്ക് ഒതുങ്ങി.


മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പോലും എല്‍ഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തുകളില്‍ പെടുന്നു. പള്ളിക്കത്തോട് മുത്തോളി പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ എട്ട് സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ 14 സീറ്റുകള്‍ ലഭിച്ചു.


ജില്ലാ പഞ്ചായത്തിലേക്ക് നേരിട്ട് ഏറ്റുമുട്ടിയ അഞ്ചിടങ്ങളില്‍ നാലിലും ജോസ് കെ മാണിയ്ക്കായിരുന്നു വിജയം. ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിനും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ എട്ടിടത്ത് വിജയിച്ച യുഡിഎഫ് ഇത്തവണ വിജയിച്ചത് ഒരേ ഒരു ബ്ലോക്കില്‍ മാത്രമാണ്‌. ബാക്കി പത്തിടത്തും എല്‍ഡിഎഫ് വിജയം കണ്ടു. പാലാ നഗരസഭയും എല്‍ഡിഎഫ് പിടിച്ചു.


ഇത്തരത്തില്‍ ജില്ലയില്‍ സമാനതകളില്ലാത്ത തിരിച്ചടി നേരിട്ടതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ പാര്‍ട്ടിയെ ഏത് വിധേനയും ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിയത്. പിസി ജോര്‍ജ് അടക്കം നേരത്തെ മുന്നണിയുടെ ഭാഗമായിരുന്ന വിഭാഗങ്ങളെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാനാണ് യുഡിഎഫ് ശ്രമം.


പിസി ജോര്‍ജ്ജിനെ നേരത്തെ തന്നെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍ ലീഗ് ഉള്‍പ്പടേയുള്ള ഘടകക്ഷികളുടേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെയും ​എതിര്‍പ്പിനെ തുടര്‍ന്ന് പിസി ജോര്‍ജ് യുഡിഎഫിലേക്ക് തിരികെ പ്രവശിക്കുന്നത് സാധ്യമാവാതെ വരികയായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ തങ്ങളുടെ പിസി ജോര്‍ജ് വീണ്ടും തെളിയിച്ചതോടെ യുഡിഎഫ് വീണ്ടും ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിക്കുകയാണ്.


കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ മൂന്ന് മുന്നണികളേയും വെല്ലു വിളിച്ചു കൊണ്ട് മത്സരിച്ച പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പിന്നിലാക്കിയാണ് ഷോണിന്റെ വിജയം. പൂഞ്ഞാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് സ്വന്തമാക്കിയതിന് സമാനമായ വിജയം മകനും ലഭിച്ചു.


പൂഞ്ഞാറില്‍ ജോര്‍ജിന് പഴയ ശക്തിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കരുത്തായ ന്യൂനപക്ഷ വിഭാഗങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അകന്നെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പ്രാദേശിക ഘടകം പിസി ജോര്‍ജിനെ വീണ്ടും സഖ്യത്തിലേക്ക് കൊണ്ടു വരുന്നതിനെ എതിര്‍ത്തത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചതോടെ പ്രാദേശിക ഘടകത്തിന്‍റെ അഭിപ്രായത്തെ മറികടന്നുള്ള തീരുമാനം യുഡിഎഫ് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവും.


നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുമെന്ന് പിസി ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് തന്നെയാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. സമീപകാലത്തെ അദ്ദേഹത്തിന്‍റെ പ്രസ്താവനകളും അത് വ്യക്തമാക്കുന്നു. സിപിഎമ്മിനും ജോസ് കെ മാണിക്കുമെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തുന്നത്.


എന്നാല്‍ പൊതുവെ കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം നടത്താറുള്ള പിസി ജോര്‍ജ് ഇപ്പോള്‍ അത്ര അഗ്രസീവ് ആവാറില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രവര്‍ത്തനം മികച്ചതാണെന്നെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം പിസി ജോര്‍ജ് വ്യക്തമാക്കിയത്. പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത് ഐ ഗ്രൂപ്പ് ആണന്നുള്ളതും പരിഗണനാ വിഷയമാണ്.


നിയമസഭയില്‍ ഇത്രയും നല്ല പ്രതിപക്ഷ നേതാവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ എനിക്കൊരു മടിയുമില്ല. അതൊരു സത്യമാണെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പിസി ജോര്‍ജ് പറഞ്ഞത്. പുറത്ത് അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ആളില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം സമരം ചെയ്യാന്‍ പറഞ്ഞാല്‍ രണ്ട് പേര് കാണും. ആള് കാണുകേലെന്നും അദ്ദേഹം വ്യക്തമാക്കി.


ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങിയാല്‍ ഭരണം വീണ്ടും തിരികെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. എ വിഭാഗത്തിന് പിസി ജോര്‍ജിനോട് വലിയ താല്‍പര്യം ഇല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിയേക്കും. പിസി ജോര്‍ജിനെ മുന്നണിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് പിസി തോമസിനെ എന്‍ഡിഎയില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള ശ്രമമായിരിക്കും യുഡിഎഫ് ആരംഭിക്കുക.

No comments