Breaking News

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍..!! 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍.. വിലപേശലിന് തടസ്സം സിബിഐ..

 


കോട്ടയം: ഇടതുമുന്നണിയില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് നടത്തിയ നീക്കം വിജയം കാണുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. ആദ്യം സിപിഎം കടുംപിടിത്തം തുടര്‍ന്നെങ്കിലും ഇപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസ് കെ മാണി പക്ഷം 10 സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് വിവരം. കോട്ടയം ജില്ലയിലെ നാല് സീറ്റുകള്‍ ഇതില്‍പ്പെടും. സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിട്ടുവീഴ്ചക്ക് ഒരുങ്ങി എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...


യുഡിഎഫിലായിരുന്ന വേളയില്‍ കേരള കോണ്‍ഗ്രസ് 15 സീറ്റിലാണ് മല്‍സരിച്ചിരുന്നത്. അത്രയും സീറ്റ് കിട്ടണമെന്ന് അവര്‍ വാദിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തി. 11 സീറ്റ് വേണമെന്ന് ചോദിച്ചു. ആറ് സീറ്റുകള്‍ മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നായിരുന്നു സിപിഎം എടുത്ത നിലപാട്. നിരന്തരമായ സമ്മര്‍ദ്ദത്തിലൂടെ സിപിഎമ്മിനെ കൊണ്ട് നിലപാട് മാറ്റിക്കാന്‍ ജോസ് പക്ഷത്തിന് സാധിച്ചു.


10 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎം തയ്യാറായി എന്നാണ് പുതിയ വിവരം. ബുധനാഴ്ച മുതലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇടതുമുന്നണി ആരംഭിക്കുന്നത്. അതിന് മുന്നോടിയായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിലാണ് കൂടുതല്‍ സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായത് എന്നാണ് വിവരം.


കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കും. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍ എന്നിവയാണവ. പാലാ എന്‍സിപിയുടെയും കാഞ്ഞിരപ്പള്ളി സിപിഐയുടെയും കടുത്തുരുത്തി സ്‌കറിയ തോമസ് വിഭാഗത്തിന്റെയും സീറ്റുകളാണ്. എല്ലാ കക്ഷികളെയും സമവായത്തിലെത്തിക്കുന്നതില്‍ സിപിഎം ഏറെകുറെ വിജയിച്ചിട്ടുണ്ട്.


പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നിലപാട് മയപ്പെടുത്തിയില്ലെങ്കില്‍ എന്‍സിപി മുന്നണി വിടും. മാണി സി കാപ്പന്‍ പാലായില്‍ തന്നെ മല്‍സരിക്കുകയും ചെയ്യും. യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ വരുംദിവസം ശരദ് പവാറുമായി ദില്ലിയില്‍ ചര്‍ച്ച നടത്തും.


ജോസ് കെ മാണി പാലായില്‍ മല്‍സരിക്കാനാണ് സാധ്യത. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാകും. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് മല്‍സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് തുടരും. റോഷി അഗസ്റ്റിന്റെ ഇടുക്കി സീറ്റും തൊടുപുഴയും ജോസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തൊടുപുഴ ജോസ് പക്ഷത്തിന് വിട്ടുനല്‍കിയാല്‍ കേരള കോണ്‍ഗ്രസുകാര്‍ നേരിട്ടുള്ള മല്‍സരമാകും അവിടെ നടക്കുക.


പത്തനംതിട്ടയില്‍ റാന്നി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തേക്കും. സിപിഎം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. തൃശൂരില്‍ ഇരിങ്ങാലക്കുട നല്‍കും. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി വിട്ടുകൊടുക്കുമെന്നാണ് വിവരം. അല്ലെങ്കില്‍ പേരാമ്പ്രയോ കുറ്റ്യാടിയോ കൈമാറും. കണ്ണൂരില്‍ ഇരിക്കൂറില്‍ ജോസ് പക്ഷം മല്‍സരിക്കും. പകരം പേരാവൂര്‍ സിപിഐക്ക് നല്‍കുമെന്നാണ് വിവരം.


സിപിഐ, എന്‍സിപി എന്നിവര്‍ നഷ്ടങ്ങള്‍ സഹിക്കണമെന്നാണ് സിപിഎം നിലപാട്. സിപിഐ ഇക്കാര്യത്തില്‍ സമ്മതം മൂളി എന്നാണ് വിവരം. അതേസമയം, എല്‍ഡിഎഫിലെ സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസിനും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കേരള കോണ്‍ഗ്രസ് എസ്സിനും സീറ്റുണ്ടാകില്ല. മതിയായ പരിഗണന ഇവര്‍ക്ക് ഭരണം ലഭിച്ചാല്‍ ഉറപ്പാക്കുമെന്നാണ് സിപിഎം വാഗ്ദാനം.

No comments