Breaking News

43 വോട്ടിന് കൈവിട്ട മണ്ഡലം..!! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം..!! ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ..?? അക്കര അക്കരെ കടക്കുമോ..??

 


തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന്റെ, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഒരു മണ്ഡലം ആയിരുന്നു വടക്കാഞ്ചേരി. ആ വടക്കാഞ്ചേരി ആയിരുന്നു 2004 ലെ ഉപതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ചുവന്ന് തുടുത്തത്. അന്ന് അവിടെ കെ മുരളീധരന്റെ ജയിന്റ് കില്ലര്‍ ആയി മാറിയത് ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനും.


ഒരു തിരഞ്ഞെടുപ്പില്‍ കൂടി എസി മൊയ്തീന്‍ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. എന്നാല്‍ 2011 ല്‍ മണ്ഡലം സിഎന്‍ ബാലകൃഷ്ണനിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. പിന്നീട് 2016 ല്‍ നടന്നത് ഏവര്‍ക്കും അറിയാവുന്ന ചരിത്രം. ഇത്തവണ ഏത് വിധേനയും വയക്കാഞ്ചേരി പിടിക്കാന്‍ ആണ് സിപിഎമ്മിന്റെ പദ്ധതികള്‍. പരിശോധിക്കാം...


വടക്കാഞ്ചേരിയില്‍ നടി കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആയിരുന്നു 2016 ല്‍ സിപിഎമ്മിന്റെ നീക്കം. ഇക്കാര്യത്തില്‍ ധാരണയാവുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍പ്പുകളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ അവസാന നിമിഷം സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റി. കെപിഎസി ലളിതയ്ക്ക് പകരം മേരി തോമസ് വന്നു.


അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അനില്‍ അക്കര ആയിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. സിപിഎമ്മിന് അനുകൂല സാഹചര്യങ്ങളുണ്ടായിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളൊന്നും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സിപിഎമ്മിലെ തര്‍ക്കങ്ങള്‍ പ്രതീക്ഷ പകര്‍ന്നു.


ഒടുവില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കേരളം മുഴുവന്‍ ശരിക്കും അമ്പരപ്പെട്ടു. കാരണം 43 വോട്ടിന് അനില്‍ അക്കര വിജയിച്ചു. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെയുള്ള വിജയം. വിജയിക്കുന്നത് ഒരു വോട്ടിനായാലും ടോസ്സിലൂടെ ആയാലും വിജയം, വിജയം തന്നെയാണ് എന്നത് വേറെ കാര്യം.


വടക്കാഞ്ചേരി മണ്ഡലത്തിലെ പരാജയം സിപിമ്മിനെ സംബന്ധിച്ച് വലിയ പ്രഹരം തന്നെ ആയിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 4,913 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന് മണ്ഡലത്തിലുണ്ടായത്. എന്തായാലും പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി നടപടികളും ഉണ്ടായി.


സിപിഎമ്മിനെ സംബന്ധിച്ച് പ്രതിപക്ഷ നിരയിലെ ഏറ്റവും 'ശല്യക്കാരില്‍' ഒരാളാണ് അനില്‍ അക്കര എംഎല്‍എ. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഇത്രയും വലിയ വിവാദമാക്കി മാറ്റിയതും അനില്‍ അക്കര തന്നെ. അതുകൊണ്ട്, ഈ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും അനില്‍ അക്കരയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.


സിപിമ്മിന്റെ സമുന്നതനായ നേതാവാണ് കെ രാധാകൃഷ്ണന്‍. മുന്‍ സ്പീക്കറും മുന്‍ മന്ത്രിയും ഒക്കെയായ കെ രാധാകൃഷ്ണന്‍ നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആണ്. ചേലക്കര മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ വിജയിച്ചുവന്ന കെ രാധാകൃഷ്ണനെ സിപിഎം ഇത്തവണ വടക്കാഞ്ചേരിയില്‍ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.


രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണ കര്‍ത്താവ് എന്ന നിലയിലും കെ രാധാകൃഷ്ണന്റെ പ്രതിച്ഛായയെ മറികടക്കാന്‍ അനില്‍ അക്കരയ്ക്ക് സാധ്യമല്ല എന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കെ രാധാകൃഷ്ണന്‍ തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്. സംഘടനാ രംഗത്താണ് അദ്ദേഹം ഇപ്പോള്‍ സജീവമായി ഇടപെടുന്നത്.


കെ രാധാകൃഷ്ണനെ കുടാതെ സിപിഎം പ്രാദേശിക നേതാക്കളുടെ പേരുകളും പരിഗണനയില്‍ ഉണ്ട്. സേവിയര്‍ ചിറ്റിലപ്പള്ളിയാണ് ഇത്തരത്തില്‍ സജീവമായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ ഒന്ന്. എന്തായാലും ഇത്തവണ കഴിഞ്ഞ തവണത്തെ പോലെ ആശയക്കുഴപ്പവും വിവാദവും ഉണ്ടാകാതിരിക്കാനുള്ള കരുതലില്‍ ആണ് സിപിഎം.


ലൈഫ് മിഷന്‍ അടക്കം അനില്‍ അക്കരയുടെ നേതൃത്വത്തില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. 5,241 വോട്ടിന്റെ ലീഡ് ആണ് നിലവില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും എൽഡിഎഫ് പിടിച്ചു.


2004 ലെ തിരഞ്ഞെടുപ്പ് ചരിത്രം കൂടി പറഞ്ഞാലെ വടക്കാഞ്ചേരിയുടെ കഥ പൂര്‍ത്തിയാവുകയുള്ളു. വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ കെ മുരളീധരന്‍, സുരക്ഷിത സീറ്റ് എന്ന നിലയില്‍ മത്സരിക്കാനെത്തിയതായിരുന്നു വടക്കാഞ്ചേരിയില്‍. വി ബാലറാം അതിന് വേണ്ടി രാജിവച്ച് ഒഴിയുകയും ചെയ്തു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസി മൊയ്തീന്‍ വിജയിച്ചു. കെ മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു.

No comments