Breaking News

കൊടുവള്ളിയിൽ വിജയം തുടരാൻ കാരാട്ട് റസാഖ്..!! കുത്തക മണ്ഡലം തിരിച്ച് പിടിക്കാൻ മുസ്ലീം ലീഗ്..?? ട്വിസ്റ്റ്.. നിലവിൽ ലീഡ് ഈ മുന്നണിക്ക്...

 


കോഴിക്കോട്: ഇത്തവണ കടുത്ത പോരാട്ടത്തിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കൊടുവള്ളി. മുസ്ലീം ലീഗിന്റെ കുത്തക സീറ്റായിരുന്ന കൊടുവള്ളി 2006 ല്‍ ഇടത് പിന്തുണയോടെ പിടിഎ റഹീം പിടിച്ചത് മുതല്‍ കൊടുവള്ളി സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രവും ആണ്.


ഇത്തവണ ഇവിടെ ആരൊക്കെ ആകും സ്ഥാനാര്‍ത്ഥികള്‍ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തേ തുടങ്ങിയിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എ കാരാട്ട് റസാഖ് തന്നെ ആയിരിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. വിശദാംശങ്ങള്‍ നോക്കാം...


കൊടുവള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങാന്‍ സിപിഎം തന്നോട് ആവശ്യപ്പെട്ടു എന്നാണ് കാരാട്ട് റസാഖ് വ്യക്തമാക്കിയിരിക്കുന്നത്. മീഡിയ വണിനോടായിരുന്നു പ്രതികരണം. പ്രചാരണ പരിപാടികള്‍ ഉടന്‍ തുടങ്ങുമെന്നും കാരാട്ട് റസാഖ് പറയുന്നുണ്ട്.


ഇത്തവണ കൊടുവള്ളിയില്‍ കാരാട്ട് റസാഖിന് പകരം പിടിഎ റഹീമിനെ മത്സരിപ്പിക്കാം എന്ന നിലപാടിലായിരുന്നു സിപിഎം ആദ്യം. നിലവില്‍ കുന്നമംഗലം എംഎല്‍എ ആയ പിടിഎ റഹീം, കൊടുവള്ളി സ്വദേശിയും ആണ്. എന്നാല്‍, ആ നിലപാടില്‍ നിന്ന് സിപിഎം എന്തുകൊണ്ട് പിന്‍മാറി എന്ന ചോദ്യവും ഉയരുന്നുണ്ട്.


കാരാട്ട് റസാഖിനെതിരെ കഴിഞ്ഞ തവണ എതിര്‍സ്ഥാനാര്‍ത്ഥി നല്‍കിയ തിരഞ്ഞെടുപ്പ് കേസ് നിലവില്‍ സുപ്രീം കോടതിയില്‍ ഉണ്ട്. ഹൈക്കോടതി വിധി പ്രകാരം തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നെങ്കിലും കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ എംഎ റസാഖ് ആയിരുന്നു വ്യക്തിഹത്യ ആരോപിച്ച് പരാതി നല്‍കിയത്. ആ കേസില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.


മുസ്ലീം ലീഗിന്റെ കോട്ടയില്‍ എല്‍ഡിഎഫ് രണ്ട് തവണ വിള്ളല്‍ വീഴ്ത്തിയത് ലീഗ് വിമതരിലൂടെ ആയിരുന്നു. 2006 ല്‍ പിടിഎ റഹീമിലൂടേയും 2016 ല്‍ കാരാട്ട് റസാഖിലൂടേയും. കോഴിക്കോട് ജില്ലയില്‍ മുസ്ലീം ലീഗിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് രണ്ട് തവണയും കൊടുവള്ളിയിലെ പരാജയത്തെ വിലയിരുത്തുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫ് പിടിച്ചുനിന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊടുവള്ളി. വോട്ട് കണക്ക് പ്രകാരം 7,931 വോട്ടുകളുടെ വ്യക്തമായ ലീഡ് ഉണ്ട് നിലവില്‍ കൊടുവള്ളിയില്‍ യുഡിഎഫിന്. അത് തന്നെയാണ് യുഡിഎഫ് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതും.


വിജയസാധ്യത ഏറെ കല്‍പിക്കപ്പെടുന്ന മണ്ഡലം ആയതിനാല്‍ ഇത്തവണ കൊടുവള്ളി മണ്ഡലത്തിന് വേണ്ടി മുസ്ലീം ലീഗില്‍ പലരും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപനേതാവും ആയ എംകെ മുനീര്‍ മുതല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വരെ ആ പട്ടികയില്‍ ഉണ്ട്.


എന്നാല്‍ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വത്തിനോട് ഇക്കാര്യത്തില്‍ വലിയ വിയോജിപ്പുണ്ട്. നാട്ടുകാരനായ സ്ഥാനാര്‍ത്ഥി എന്നത് അവരുടെ വളരെ കാലമായുള്ള ആവശ്യമാണ്. ഇത്തവണയും അത് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭയം ലീഗ് നേതൃത്വത്തിനും ഉണ്ട്.


ഇത്തവണ കൊടുവള്ളി നിലനിര്‍ത്തണമെങ്കില്‍ നാട്ടുകാരനായ, ജനസ്വാധീനമുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പിടിഎ റഹീം അല്ലെങ്കില്‍ പിന്നെയുള്ള സാധ്യത കാരാട്ട് റസാഖ് മാത്രമാണ്. മുന്‍ ലീഗ് നേതാവാണ് കാരാട്ട് റസാഖും. മേഖലയില്‍ വ്യക്തിപരമായ സ്വാധീനവും അദ്ദേത്തിനുണ്ട്.


2006 ല്‍ യുഡിഎഫിന്റെ ഡിഐസി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു കെ മുരളീധരന്‍ കൊടുവള്ളിയില്‍ മത്സരിച്ചത്. അന്ന് 7,506 വോട്ടുകള്‍ക്കായിരുന്നു പിടിഎ റഹീം അട്ടിമറി വിജയം നേടിയത്. 2016 ല്‍ എംഎ റസാഖിനെതിരെ കാരാട്ട് റസാഖ് വിജയിച്ചത് വെറും 573 വോട്ടുകള്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് എളുപ്പത്തില്‍ വിജയം നേടാമെന്ന് കരുതാവുന്ന ഒരു മണ്ഡലം അല്ല കൊടുവള്ളി.

No comments