Breaking News

അഭിജിത്തിനെ കൊയിലാണ്ടിയില്‍ നിന്നുവെട്ടി..!! ഇനി സിപിഎം കോട്ടയില്‍ പോരാട്ടം.. മുല്ലപ്പള്ളിക്കും മോഹം..


 കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയിലോ പേരാമ്പ്രയിലോ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് സീറ്റ് ലഭിച്ചേക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും അല്ല അഭിജിതിത്ത് മത്സരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.


സിപിഎം കോട്ടയായ കോഴിക്കോട് നോര്‍ത്തില്‍ ആയിരിക്കും അഭിലാഷിന് സീറ്റ് ലഭിക്കുക എന്ന് 'ദ ക്യു' റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിജിത്തിന്റെ മണ്ഡല മാറ്റത്തില്‍ പോലും ചില അന്തര്‍ നാടകങ്ങള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...


കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെഎം അഭിജിത്തിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലോ കൊയിലാണ്ടിയിലോ ആയിരിക്കും അഭിജിത്തിനെ മത്സരിപ്പിക്കുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും അഭിജിത്തിനെ പരിഗണിക്കുന്നില്ല എന്നാണ് വിവരം.


കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ആയിരിക്കും അഭിജിത്ത് മത്സരിക്കുക എന്നാണ് വിവരം. ഇവിടെ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ത്ഥിയായ എ പ്രദീപ് കുമാര്‍ ആണ് ഇവിടെ ജയിച്ചിട്ടുള്ളത്.


കൊയിലാണ്ടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ആയിരുന്നു കെഎം അഭിജിത്ത് ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നത്. 2006 മുതല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കൊയിലാണ്ടി എങ്കിലും, ശക്തമായ പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു അഭിജിത്ത്. 2016 ല്‍ പതിമൂവായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ ദാസന്‍ വിജയിച്ച മണ്ഡലത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ലീഡ് 3,071 വോട്ടുകള്‍ മാത്രമാണ്.


കെഎം അഭിജിത്തിനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന പേരാമ്പ്രയും കൊയിലാണ്ടിയും തന്നെ ആയിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് പതിനായിരത്തില്‍ അധികമാണ്. ഈ സാഹചര്യത്തില്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിലേക്ക് കളമാറിയത്. ഇതോടെ അഭിജിത്ത് കോഴിക്കോട് നോര്‍ത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.


കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. എന്നാല്‍ 1977 ല്‍ കെസി ജോസഫിന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ വിജയിച്ചിട്ടില്ല. ഇത്തവണ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പേരാമ്പ്ര സീറ്റിന് വേണ്ടി മുസ്ലീം ലീഗും ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.


കോഴിക്കോട് ജില്ല ആയിരിക്കും ഇത്തവണ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ കീറാമുട്ടിയാവുക എന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. രണ്ട് സീറ്റുകള്‍ അധികം വേണമെന്ന ആവശ്യമാണ് മുസ്ലീം ലീഗ് ഉന്നയിക്കുന്നത്. പേരാമ്പ്ര ലീഗിന് കൊടുത്തിട്ട് തിരുവമ്പാടി മണ്ഡലം തങ്ങള്‍ക്ക് നല്‍കണം എന്ന ആവശ്യം പിജെ ജോസഫും ഉന്നയിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

No comments