ജോസഫ് വിഭാഗത്തിന് സീറ്റില്ല; ഏറ്റുമാനൂരിൽ പോരാട്ടം ലതിക സുഭാഷും വിഎൻ വാസവനും തമ്മിൽ..?? കോൺഗ്രസിലെ നീക്കം ഇങ്ങനെ..
കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിൽ പൊടിപാറുന്ന മത്സരമായിരിക്കും കോട്ടയം ജില്ലയിൽ അരങ്ങേറുകയെന്നതാണ് സ്ഥാനാർത്ഥി ചർച്ചകൾ നൽകുന്ന സൂചന.സീറ്റ് ചർച്ചകളിലേക്ക് എൽഡിഎഫ് കടന്നിട്ടില്ലേങ്കിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നണി ആരംഭിച്ചിട്ടുണ്ട്. അതേസമയം യുഡിഎഫിലാകട്ടെ മൂന്ന് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥി നിർണയം തർക്കങ്ങളില്ലാതെ പൂർത്തിയാക്കിയിരിക്കുന്നത്.ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയവും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കുന്നതിൽ തർക്കമില്ല.
എന്നാൽ മറ്റ് ആറ് മണ്ഡലങ്ങളിലും ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്.അതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശം ഉന്നയിക്കുന്ന ഏറ്റുമാനൂർ സീറ്റിൽ ഇത്തവണ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്
കേരള കോൺഗ്രസിന്റെ സീറ്റായ ഏറ്റുമാനൂർ തങ്ങൾക്ക് വേണമെന്ന ഉറച്ച ആവശ്യത്തിലാണ് പിജെ ജോസഫ് വിഭാഗം . എന്നാൽ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗം കൈവശം വെച്ചിരുന്ന ഏറ്റുമാനൂർ ഉൾപ്പെടെയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത.ചങ്ങനാശ്ശേരി ഉൾപ്പെടെ രണ്ട് സീറ്റുകൾ മാത്രമായിരിക്കും ജോസഫ് വിഭാഗത്തിന് നൽകിയേക്കുക.
അങ്ങനെയെങ്കിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് മത്സരിച്ചേക്കും.വനിതകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകണമെന്ന എഐസിസി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു സീറ്റ് ജില്ലയിൽ ഈ വിഭാഗത്തിന് നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു.മാത്രമല്ല തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് ലതിക സുഭാഷി ൻെറ നേതൃത്വത്തിൽ മഹിള കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെയാണ് ലതിക സുഭാഷിന്റെ പേര് പരിഗണിക്കുന്നത്. രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ജയിച്ച ലതിക 2011 ലാണ് ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് മലമ്പുഴയിൽ സാക്ഷാൽ വിഎസ് അച്യുതാനന്ദനോടായിരുന്നു അവർ ഏറ്റുമുട്ടിയത്.
അന്ന് 23,440 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തിൽ വിഎസ് ജയിച്ചത്. അതേസമയം 54,312 വോട്ടുകൾ നേടാൻ ലതിക സുഭാഷിന് സാധിച്ചിരുന്നു. ഇത്തവണ ഏറ്റുമാനൂരോ അല്ലേങ്കിൽ എൻ ജയരാജിന്റെ സീറ്റായ കാഞ്ഞിരപ്പള്ളിയിലോ ലതിക സുഭാഷിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിൽ ആലോചനകൾ നടക്കുന്നത്.
ഏറ്റുമാനൂരിൽ അവർ മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. നേരത്തേ ഏറ്റുമാനൂരിൽ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ലതിക സുഭാഷ് തുടങ്ങിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്.അതേസമയം ഏറ്റുമാനൂരിനായി മറ്റ് ചില കോൺഗ്രസ് നേതാക്കളും ചരടുവലി നടത്തുന്നുണ്ട്.
അതേസമയം തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നത് പാർട്ടിയാണ് തിരുമാനിക്കുകയെന്ന് ലതികാ സുഭാഷ് മാധ്യമത്തോട് പ്രതികരിച്ചു. ഇരുപത് ശതമാനം സീറ്റാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇതിൽ ജില്ലക്ക് ഒരു സീറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പാണെന്നും അവർ പറഞ്ഞു.
അതിനിടെ ഇടതുമുന്നണിയിൽ ഏറ്റുമാനൂർ സീറ്റിനായി സിപിഐ ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാൽ സിപിഎം സീറ്റ് വിട്ടു നൽകിയേക്കില്ല. ഇവിടെ സിറ്റിംഗ് എംഎൽഎയായ സുരേഷ് കുറുപ്പിന് ഇത്തവണ അവസരം നൽകിയേക്കില്ല. പകരം വിഎൻ വാസവനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം.

No comments