Breaking News

നേതാക്കള്‍ക്ക് മുന്നില്‍ പുതിയ ഡിമാന്‍ഡ്, അടുത്ത ബന്ധുവായ വനിതയ്‌ക്ക് സീറ്റ് നല്‍കണം; ഗഹ്‌ലോട്ടിനെ കാണാന്‍ വിളിച്ചിട്ടും പിടികൊടുക്കാതെ കെ വി തോമസ്..

 


കൊച്ചി: കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി കെ വി തോമസിന്റെ രാഷ്ട്രീയ നീക്കം. നാളെ രാവിലെ പതിനൊന്ന് മണിയ്‌ക്ക് കെ വി തോമസ് വിളിച്ചു ചേര്‍ത്തിരിക്കുന്ന വാര്‍ത്താസമ്മേളനം എന്തിനാണെന്ന് അവസാന മണിക്കൂറുകളില്‍ പോലും പലര്‍ക്കും അറിയില്ല. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണോ വിലപേശലിനാണോ അതോ പാര്‍ട്ടി തന്നെ വിടാനാണോ കെ വി തോമസ് മാദ്ധ്യമങ്ങളെ കാണുന്നതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അറിയില്ല.


ഉമ്മന്‍ചാണ്ടി ഇടപെട്ട് സമവായ നീക്കങ്ങള്‍ നടത്തുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അനുനയശ്രമങ്ങളുമായി വിളിച്ച കോണ്‍ഗ്രസ് നേതാക്കളോട് തന്റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.


കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം, പാര്‍ട്ടി ചാനലിന്റെയും മുഖപത്രത്തിന്റേയും ചുമതല അടക്കം ഹൈക്കമാന്‍ഡ് വച്ചുനീട്ടിയ ഒന്നിനോടും കെ വി തോമസ് വഴങ്ങിയിരുന്നില്ല.


ഇതിനിടെയാണ് തന്റെ അടുത്ത ബന്ധുവായ വനിതയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം കെ വി തോമസ് ഉന്നയിച്ചതെന്ന സൂചന കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുതന്നെ പുറത്തുവരുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.


ഇന്ന് കേരളത്തിലെത്തുന്ന അശോക് ഗഹ്‌ലോട്ടിനെ കാണാനായി കെ വി തോമസിനെ കേരള നേതാക്കള്‍ കെ പി സി സി ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. അവസാനവട്ട അനുനയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അശോക് ഗഹ്‌ലോട്ട് വഴി ഇടപെടാന്‍ നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ നേരത്തെ നിശ്‌ചയിച്ചിരിക്കുന്ന പരിപാടികള്‍ ഉളളതിനാല്‍ തിരുവനന്തപുരത്തേക്ക് വരാനാകില്ലയെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.


സി പി എം എറണാകുളം ജില്ലാ കമ്മിറ്റി കെ വി തോമസിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്. ആദ്യം താത്‌പര്യം അറിയിക്കട്ടെ പിന്നീട് നിലപാട് പറയാം എന്നാണ് സി പി ഐ പറയുന്നത്. എം എം ലോറന്‍സ് കെ വി തോമസിന് സീറ്റ് കൊടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. എന്തായാലും ഇപ്പോഴത്തേത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനുളള കെ വി തോമസിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമെന്ന നിലപാടിലാണ് യു ഡി എഫ്.

No comments