Breaking News

കോൺഗ്രസിന്റെ കുത്തക മണ്ഡലം..!! ഇരിക്കൂറിലെ "മാമ്മച്ചൻ" ആവാൻ ജോസ് പക്ഷം..!! പക്ഷേ.. വാനോളം പ്രതീക്ഷ മറ്റൊരു സീറ്റിൽ..!!

 


കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളം മാത്രമല്ല, മലബാറിലും പടയോട്ടത്തിന് ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം. ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടാന്‍ ജോസ് പക്ഷം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച പേരാവൂര്‍ ആവശ്യപ്പെടുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. നിലവില്‍ കോണ്‍ഗ്രസിലെ സണ്ണി ജോസഫ് തുടര്‍ച്ചയായി ജയിച്ചുവരുന്ന ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് സിപിഎമ്മിനും പ്രതീക്ഷ നല്‍കുന്നു. ഇരിക്കൂറും തളിപ്പറമ്പും ആവശ്യപ്പെടേണ്ട എന്നാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. സ്ഥാനാര്‍ഥിയുടെ കാര്യത്തിലും അവര്‍ ധാരണയിലെത്തി എന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...


പേരാവൂര്‍ സീറ്റ് ലഭിച്ചാല്‍ ജയിച്ചുകയറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ജോസ് പക്ഷത്തിന്റെ വിശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഇടതുപക്ഷം നടത്തിയ മുന്നേറ്റമാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഈ മുന്നേറ്റത്തിന് പ്രധാന കാരണം തങ്ങളുടെ സാന്നിധ്യമാണ് എന്ന് ജോസ് പക്ഷം അവകാശപ്പെടുന്നു.


കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്. ഏറ്റവും ഒടുവില്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനും തിരിച്ചുപിടിച്ചു. സിപിഎം-ബിജെപി ഒത്തുകളി നടന്നു എന്നാണ് യുഡിഎഫ് ഇവിടെ ആരോപിക്കുന്നത്. സിപിഎം ഇത് തള്ളുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ബലത്തിലാണ് പേരാവൂര്‍ മണ്ഡലം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. യുഡിഎഫിലായിരുന്ന വേളയില്‍ തളിപ്പറമ്പ് മണ്ഡലത്തിലാണ് കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. എല്‍ഡിഎഫിലെത്തിയതിനാല്‍ തളിപ്പറമ്പ് കിട്ടാനിടയില്ല. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണിത്.


ഇരിക്കൂര്‍ ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ജോസ് പക്ഷത്ത് നടന്നു. എന്നാല്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഇരിക്കൂര്‍ ആവശ്യപ്പെട്ടിട്ട് പ്രത്യേകിച്ച് കാര്യമില്ല എന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് പേരാവൂര്‍ ആവശ്യപ്പെടാനും സീറ്റ് ലഭിച്ചാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിടി ജോസിനെ മല്‍സരിപ്പിക്കാനും ആലോചിക്കുന്നത്.


മലബാര്‍ മേഖലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഈ ആവശ്യം ഇവര്‍ ഉന്നയിക്കും. പ്രാദേശിക ഘടകങ്ങളോട് ലഭിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശിച്ചുകഴിഞ്ഞു. കണ്ണൂരിലെ സീറ്റില്‍ മാറ്റം വേണമെന്നും ആവശ്യപ്പെടും.


കോഴിക്കോട്ടെ പേരാമ്പ്ര, പാലക്കാട്ടെ ആലത്തൂര്‍, കണ്ണൂരിലെ തളിപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ചത്. പേരാമ്പ്രക്ക് പകരം കുറ്റ്യാടിയോ തിരുവമ്പാടിയോ ആവശ്യപ്പെട്ടേക്കും. ആലത്തൂര്‍ മാറില്ല. തളിപ്പറമ്പ് സിപിഎം മല്‍സരിക്കുന്നതിനാല്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാനിടയില്ല. അതുകൊണ്ടാണ് കണ്ണൂരില്‍ പേരാവൂര്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.

No comments