Breaking News

സിപിഎമ്മിന് ഉഗ്രന്‍ ഷോക്ക് നല്‍കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും ചുക്കാന്‍ പിടിക്കും, മന്‍മോഹന്‍ സിങും.. 5 സംസ്ഥങ്ങൾ.. കൂടുതൽ ശ്രദ്ധ ഇവിടെ..


 തിരുവനന്തപുരം: വളരെ പ്രാധാന്യമുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് കേരളത്തിലേത് എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്ത് ബിജെപി ഭരണം പിടിച്ചത് ദില്ലി നേതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണയാകമാണ്. കേരളത്തിലും അസമിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നു. കേരളത്തില്‍ ഇത്തവണ ദേശീയ നേതാക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...


കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയാണ്. കേരളത്തിലും അസമിലും പ്രതിപക്ഷ നേതൃത്വം കോണ്‍ഗ്രസിനാണ്. തമിഴ്‌നാട്ടിലും ബംഗാളിലും പ്രാദേശികമായ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്.


കേരള നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്റ് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് എന്നതു തന്നെയാണ് പ്രധാനം. ഈ സാഹചര്യത്തില്‍ ദേശീയ നേതാക്കളെ ഉള്‍പ്പെടെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനും അതുവഴി പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്താനുമാണ് കോണ്‍ഗ്രസ് നീക്കം.


കേരളത്തിലെ താരപ്രചാരകളുടെ പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കുകയാണ്. രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമാണ് പട്ടികയില്‍ ആദ്യമുള്ളത് എന്നാണ് വിവരം. അന്തിമഘട്ടത്തില്‍ ഇരുവരും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുമെന്നാണ് വിവരം. ഇതോടെ മികച്ച ജനപിന്തുണ ലഭിക്കുമെന്നും നേതൃത്വം കരുതുന്നു.


അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതാണ് കേരളത്തിലെ പതിവ് രീതി. എന്നാല്‍ ഇത്തവണ ഇടതുപക്ഷം അമിത പ്രതീക്ഷയിലാണ്. തദ്ദേശതിരഞ്ഞെടുപ്പ് ഫലമാണ് അവര്‍ക്ക് ആത്മവിശ്വാസം ഇരട്ടിയാക്കുന്നത്. എന്നാല്‍ ഇനിയും ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഐക്യത്തോടെ നിന്ന് ഭരണം പിടിക്കാനാണ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം.


നിമയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ വരുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെപിസിസിയെ അറിയിച്ചു എന്നാണ് വിവരം. പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ കൂടുതല്‍ സമയം കേരളത്തില്‍ ചെലവഴിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി എത്തും.


തിരുവനന്തപുരത്തെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കേരളത്തില്‍ പ്രചാരണത്തിന് എത്തും. എന്നാല്‍ സിപിഎമ്മിനെതിരെ രാഹുല്‍ ഗാന്ധി സംസാരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംശയമുണ്ട്. പല സംസ്ഥാനങ്ങളിലുനം ഇരുപാര്‍ട്ടികളും സഖ്യത്തിലാണ്.

No comments