Breaking News

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് ഇത്തവണയും വരുമോ? താരത്തിന് പറയാനുളളത്...


 തിരുവനന്തപുരം: സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്ബോള്‍ മത്സരിക്കാനും പ്രചാരണം നയിക്കാനുമായി ഒരു പറ്റം താരങ്ങളാണ് അണിയറയില്‍ ഒരുക്കം നടത്തുന്നത്. കോണ്‍ഗ്രസിലേക്ക് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും ഇടവേള ബാബുവുമെല്ലാം പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി കഴിഞ്ഞു. ഐ എഫ് എഫ് കെ വിവാദത്തിലൂടെ സലിംകുമാര്‍ തന്റെ രാഷ്ട്രീയം ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്‌തു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജഗദീഷ് എവിടെയാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ തന്റെ കോണ്‍ഗ്രസ് അനുഭാവം വ്യക്തമാക്കിയ ജഗദീഷിന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.


പത്തനാപുരത്ത് സഹപ്രവര്‍ത്തകനായ ഗണേശ് കുമാറായിരുന്നു മുഖ്യ എതിരാളി. പ്രചാരണത്തില്‍ ഓളം സൃഷ്‌ടിച്ചെങ്കിലും വോട്ടെണ്ണിയപ്പോള്‍ ദയനീയ തോല്‍വിയായിരുന്നു ജഗദീഷിനെ കാത്തിരുന്നത്. ഭരണ വിരുദ്ധ തരംഗവും മണ്ഡലത്തിലെ ഗണേശിന്റെ സ്വാധീനവും കോണ്‍ഗ്രസിലെ തമ്മില്‍തല്ലുമെല്ലാം ജഗദീഷിന്റെ തോല്‍വിക്ക് വഴിയൊരുക്കി. മറ്രൊരു സിനിമാ നടനായ ഭീമന്‍ രഘുവായിരുന്നു അന്ന് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.


പത്തനാപുരത്ത് പരാജയപ്പെട്ട ശേഷം രാഷ്ട്രീയത്തില്‍ ജഗദീഷിനെ സജീവമായി ആരും കണ്ടിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ചുരുക്കം ചില പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരുകയും താരങ്ങള്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് വരികയും ചെയ്‌തതോടെയാണ് ജഗദീഷ് എവിടെയെന്ന് പലരും ഉറ്റുനോക്കുന്നത്. താരം കഴിഞ്ഞ തവണ മത്സരിച്ച പത്തനാപുരത്ത് ഇത്തവണ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സീറ്റ് ഉറപ്പിച്ച്‌ കഴിഞ്ഞു.


സാധാരണ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന ജഗദീഷ് ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കളത്തിലിറങ്ങമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും വലിയ ത്രികോണ മത്സരം നടക്കുന്ന, ബി ജെ പിയുടെ ഏക സീറ്റിംഗ് സീറ്റുയ നേമം മണ്ഡലത്തിലാണ് ജഗദീഷ് താമസിക്കുന്നത്. കോണ്‍ഗ്രസ് നല്ലൊരു സ്ഥാനാര്‍ത്ഥിക്കായി വിയര്‍ക്കുന്ന നേമത്ത് ജഗദീഷിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ഇടയ്‌ക്ക് രംഗത്തെത്തിയിരുന്നു.


വരുംദിവസങ്ങളില്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് ജഗദീഷ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജഗീഷുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.


'പൃഥ്വിരാജിന്റെ പടത്തിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ഇതുകഴിഞ്ഞ് എല്ലാം കൂടി ചേര്‍ത്തായിരിക്കും എന്റെ പ്രതികരണം. എല്ലാം ഞാന്‍ പറയും. എല്ലാം മാദ്ധ്യമങ്ങളോട് പങ്കുവയ്‌ക്കും. അതിനനുസരിച്ച്‌ കാത്തിരിക്കണം. വെയിറ്ര്... വെയിറ്റ് ഫോര്‍ മൈ അനൗണ്‍സ്‌മെന്റ്...'

No comments