Breaking News

വിടി ബൽറാം തൃത്താലയിലേക്ക് ഇല്ല..?? മത്സരിക്കുക സിപിഎം കോട്ടയിൽ..??നിലപാട് വ്യക്തമാക്കി എംഎൽഎ..


പാലക്കാട്; നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. സിപിമ്മിനെ തകർത്ത് വിടി ബൽറാമിലൂടെയായിരുന്നു 2011 ൽ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ എന്ത് വിലകൊടുത്തും ബലറാമിനെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് മണ്ഡലത്തിൽ സിപിഎം.

അതിനിടെ തൃത്താല ഉപേക്ഷിച്ച് സിപിഎം ശക്തി കേന്ദ്രങ്ങളിൽ വിടി ബൽറാം മത്സരിച്ചേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി വിടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിടി മണ്ഡല മാറ്റം സംബന്ധിച്ച പ്രചരണങ്ങളോട് പ്രതികരിച്ചത്.


1991 മുതൽ സിപിഎം ആധിപത്യം പുലർത്തിയ മണ്ഡലത്തിൽ 2011 ലായിരുന്നു വിടി ബൽറാമിലൂടെ കോൺഗ്രസ് അട്ടിമറി വിജയം നേടിയത്. സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകളാണ് ലഭിച്ചത്.


സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിക്കുന്നതായിരുന്നു വിടിയുടെ ആദ്യ പ്രകടനം. 2016 ലും വിടി തന്നെയായിരുന്നു മണ്ഡലത്തിലെ വിജയി. കോൺഗ്രസ് നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തി പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ വിടി ബൽറാമിന് സാധിച്ചു.മണ്ഡലത്തിൽ ഇത്തവണയും വിടി തന്നെയാകും സ്ഥാനാർത്ഥി എന്നായിരുന്നു തുടക്കം മുതലുള്ള ചർച്ചകൾ.


അതേസമയം തൃത്താലയിൽ കോൺഗ്രസ് അടിത്തറ ഭദ്രമാണെന്നിരിക്കെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വിടി മത്സരിച്ച് ജയിക്കണമെന്ന ചർച്ചകളും പ്രചരണങ്ങളും ഇതിനിടയിൽ ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത്തരം ചർച്ചകൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി വിടി രംഗത്തെത്തിയത്.


മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകൾ പോലും കോൺഗ്രസിലോ യുഡിഎഫ് തലത്തിലോ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് വിടി പറഞ്ഞു. തൃത്താലയെ സംബന്ധിച്ച് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള നാടാണ്. 2011 ൽ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ എത്തിയത് മുതൽ ഇവിടുത്തെ ജനങ്ങൾ വലിയ പിന്തുണ തനിക്ക് നൽകിയിട്ടുണ്ടെന്നും വിടി വ്യക്തമാക്കി.


ആദ്യ തിരഞ്ഞെടുപ്പിൽ 3200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. 2016 ൽ 10,500 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞു. മൂന്നരിട്ടയിലധികമാണ് ഭൂരിപക്ഷം രണ്ടാം തവണ ഉയർത്തിയത്.മണ്ഡലം തനിക്ക് പ്രിയപ്പെട്ടതാണ്, വിടി പറഞ്ഞു.


തന്റെ സ്ഥാനാർത്ഥിത്വം തിരുമാനിക്കേണ്ടത് വിടി ബൽറാം എന്ന വ്യക്തിയല്ല. പല തലങ്ങളിൽ ചർച്ച നടത്തിയാണ് ഇക്കാര്യം തിരുമാനം എടുക്കേണ്ടത്.മത്സരിക്കാൻ പാർട്ടി ആദ്യം അനുവാദം നൽകണം. അത് ലഭിച്ചാൽ എവിടെ മത്സരിക്കാനാണ് താതപര്യമെന്ന് ചോദിച്ചാൽ താൻ 101 ശതമാനവും തൃത്താല എന്നേ ആവശ്യപ്പെടുകയുള്ളൂ. തൃത്താല അല്ലാതെ മറ്റൊരു ഓപ്ഷൻ തന്റെ മുന്നിൽ ഇല്ലെന്നും വിടി ബൽറാം പറഞ്ഞു.


സിപിഎമ്മിനെതിരേയും ബൽറാം രൂക്ഷവിമർശനം ഉയർത്തി.ജനപ്രതിനിധി എന്ന തലത്തിലുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണം. അത് നാടിൻ്റെ ആവശ്യമാണ്. അങ്ങനെയൊരു നല്ല ജനാധിപത്യ അന്തരീക്ഷം തൃത്താലയിൽ സിപിഎം അനുവദിച്ച് തരുന്നില്ലെന്നതാണ്. എംഎൽഎ ഇന്നയാളയതിനാൽ മണ്ഡലത്തിലേക്ക് വികസനം നൽകേണ്ടതില്ലെന്ന സങ്കുചിതമായ മനസ് സിപിഎമ്മിനുണ്ട്.


കഴിഞ്ഞ അഞ്ച് വർഷമായി സർക്കാരിന്റെ നിഷേധാത്മകമായ സമീപനം മറ്റ് മണ്ഡലങ്ങളിലെന്ന പോലെ തന്നെ വളരെ രൂക്ഷമായി തൃത്താലയിലും അനുഭവിക്കുന്നുമഅട്. അതോടൊപ്പം പ്രാദേശികമായിട്ടുള്ള സിപിഎമ്മിന്റെ പ്രത്യക്ഷ ബഹിഷ്കരണം, എംഎൽഎ ബഹിഷ്‌കരണം, വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള രാഷ്‌ട്രീയ സമ്മർദ്ദം ഇതിനെയൊക്കെ അതിജീവിച്ച് കൊണ്ട് ജനങ്ങളെ ഒപ്പം ചേർത്ത് മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വിടി പറഞ്ഞു.


അതേസമയം വിടി ബൽറാം തൃത്താലയിൽ മത്സരിച്ചാൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. നേരത്തേ എംബി രാജേഷിന്റേയും സ്വരാജിന്റേയും എല്ലാം പേരുകൾ പരിഗണിച്ചിരുന്നുവെങ്കിലും ഇപ്പോൾ വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയുടെ പേരാണ് സിപിഎം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്...


മുൻ കെപിസിസി നിർവാഹ സമിതി അംഗമായിരുന്ന ടിപി ഷാജി തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാമ് പാർട്ടി വിട്ട് വി ഫോർ പട്ടാമ്പി രൂപീകരിച്ചത്. പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിനെയായിരുന്നു സംഘടന പിന്തുണച്ചത്.


ഇതോടെ യുഡിഎഫിനെ താഴെയിറക്കി പട്ടാമ്പി പിടിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു. നിലവിൽ നഗരസഭ വൈസ് ചെയര്‍മാനാണ് ഷാജി. മുൻ കോൺഗ്രസ് നേതാവായ ഷാജിക്ക് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് വോട്ടുകളും കിട്ടുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

No comments