Breaking News

കൊച്ചി സീറ്റ് തിരിച്ചുപിടിക്കാൻ മുൻ മേയർ ടോണി ചമ്മണിയോ..?? അതോ സ്ത്രീ സ്ഥാനാർഥി വരുമോ..??


കൊച്ചി: കൊച്ചി പിടിക്കാന്‍ ഇടതു-വലതു മുന്നണികള്‍ നടത്തുന്ന പോരാട്ടത്തെക്കാള്‍ വലിയ പോരാണ് കൊച്ചി സീറ്റിനായി ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മണി, ഡിസിസി സെക്രട്ടറി സ്വപ്‌ന പട്രോണിക്‌സ് എന്നിവരാണ് കൊച്ചിക്ക് വേണ്ടി നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഉള്ളത്. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യുവും അവകാശവാദവുമായി രംഗത്തുണ്ട്.


സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ടോണി ചമ്മണി സജീവമായി ഇടപെടുന്നുണ്ട്. 2016 ല്‍ ടോണി ചമ്മണിയെ പരിഗണിച്ചുവെങ്കിലും ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നല്‍കിയതോടെയാണ് ചമ്മണി തഴയപ്പെട്ടത്.


ഇത്തവണ കൊച്ചിയില്‍ മത്സരത്തിനില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പ്രഖ്യാപിച്ചതോടെ കാര്യമായ എതിര്‍പ്പുകളില്ലാതെ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ടോണി. അതിനിടയിലാണ് ഡിസിസി സെക്രട്ടറിയും എഐസിസി റിസര്‍ച്ച്‌ സെല്ലായ വിചാര്‍ വിഭാഗത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്ററുമായ സ്വപ്‌ന പെട്രോണിക്‌സ് സീറ്റിനായി അവകാശവാദവുമായി പരസ്യമായി രംഗത്തെത്തിയത്.



കൊച്ചിയിലെ വോട്ടര്‍മാരില്‍ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ കാത്തലിക് സമുദായാംഗങ്ങളാണ് ഇരുവരും. അതേസമയം, ഗ്രൂപ്പ് സമവാക്യത്തില്‍ എ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റാണ് കൊച്ചി. ഗ്രൂപ്പ് നേതാക്കള്‍ക്ക് ടോണി ചമ്മണിയോടാണ് കൂടുതല്‍ താല്‍പര്യം. എന്നാല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തെരഞ്ഞെടുപ്പ് സമിതി അംഗവുമായ കെവി തോമസടക്കമുള്ളവര്‍ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് സ്വപ്‌ന. ടോണിക്കും സ്വപ്‌നക്കും പുറമേ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യുവാണ് കൊച്ചി സീറ്റിനായി രംഗത്തുള്ളത്.



കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ ആദ്യ രണ്ടരവര്‍ഷത്തിന് ശേഷം കൊച്ചിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷൈനി മാത്യുവിന് മേയര്‍ സ്ഥാനം നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ സൗമിനി ജെയ്ന്‍ സ്ഥാനം ഒഴിയാന്‍ തയാറാവാതായതോടെ ധാരണ നടപ്പിലായിരുന്നില്ല. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയാണ് ഷൈനി മാത്യു കൊച്ചി സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നത്.


പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമായി കണക്കാക്കുന്ന കൊച്ചിയില്‍ 2016 ല്‍ ഡൊമിനിക് പ്രസന്റേഷനെതിരെ 1086 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ ജെ മാക്‌സി നേടിയത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച കെ ജെ ലീനസ് 7588 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇത്തവണ വിമതശല്യം ഉണ്ടാകില്ലെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

No comments