Breaking News

കോട്ടയത്ത് നാല് സീറ്റില്‍ തോറ്റു.., രാമപുരവും പോയി.., ജോസ് വന്നത് പെരുപ്പിച്ച് കാണിക്കേണ്ടെന്ന് സിപിഐ..!! കണക്കുകൾ..

 


തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് വന്നത് വല്ലാതെ പെരുപ്പിച്ച് കാണിക്കേണ്ടെന്ന് സിപിഐ. എന്‍സിപി, ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സിപിഐയുടെ ഇത്തരമൊരു വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്ര വലിയ ജയമൊന്നും കേരളാ കോണ്‍ഗ്രസ് എം ജോസ് പക്ഷം നേടിയിട്ടില്ലെന്നാണ് സിപിഐ വിലയിരുത്തല്‍. സിപിഐയുടെ നിര്‍വാഹക സമിതിയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മിന്റെ സംഭാവന പര്‍വതീകരിച്ച് കാണിക്കേണ്ടതില്ലെന്നാണ് സിപിഐ നിര്‍ദേശം.


ഇതോടെ ജോസിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയാകുന്ന തരത്തില്‍ വളരേണ്ടെന്ന സൂചനയാണ് സിപിഐ നല്‍കുന്നത്. എല്‍ഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് വന്നത് പൊതുവില്‍ മധ്യകേരളത്തില്‍ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ അവര്‍ പറയുന്നത് പോലെയുള്ള നേട്ടമില്ല. മധ്യ കേരളം ആകെ ഇളകി വന്നത് കേരള കോണ്‍ഗ്രസ് കൂടെ വന്നത് കൊണ്ടാണെന്ന് ഒന്നും പറയാനാവില്ല. കോട്ടയം ജില്ലാ പഞ്ചായത്തില്‍ തന്നെ നാല് സീറ്റില്‍ കേരള കോണ്‍ഗ്രസ് തോറ്റു. രാമപുരം പഞ്ചായത്തും നഷ്ടപ്പെട്ടെന്നും സിപിഐ പറയുന്നു. അതുകൊണ്ട് എല്ലാ നേട്ടവും ജോസിന് മാത്രമായി നല്‍കാനാവില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.


കേരളാ കോണ്‍ഗ്രസ് എമ്മിന് ഇടുക്കിയിലൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ജോസഫ് ഗ്രൂപ്പിന്റെ ആധിപത്യത്തിന് കാര്യമായ ഇളക്കമുണ്ടായിട്ടില്ല. പുറത്ത് പ്രചരിക്കുന്നത് പോലെ കേരളാ കോണ്‍ഗ്രസിന്റെ വരവ് കൊണ്ട് മാത്രമല്ല ഈ വിജയമൊന്നും ഇടതുമുന്നണി നേടിയതെന്നും സിപിഐ വിലയിരുത്തുന്നു. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ തന്നെ സിപിഐ സീറ്റുകളുടെ കാര്യത്തില്‍ എതിര്‍പ്പുകള്‍ അറിയിച്ചിരുന്നു. ഇതേ നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് സിപിഐ സൂചിപ്പിക്കുന്നു. നേരത്തെ കേരളാ കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയേ അല്ലെന്നായിരുന്നു സിപിഐ അന്ന് പറഞ്ഞത്.


അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജോസ് വന്നത് കൊണ്ട് നേട്ടമുണ്ടായിട്ടുണ്ട്. ജയിക്കാന്‍ സാധിക്കാതിരുന്ന പല സീറ്റുകളിലും ജയിക്കാനായെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിനിടെ എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തിയ എല്‍ജെഡിയുടെ സംഭാവനകളെ പറ്റിയും സിപിഐക്ക് വലിയ അഭിപ്രായമില്ല. എല്‍ഡിഎഫിന്റെ മുന്നേറ്റം രണ്ട് കക്ഷികള്‍ വന്നത് കൊണ്ടല്ലെന്നും സിപിഐ പറയുന്നു. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ് വോട്ടായി മാറിയതെന്നാണ് വിലയിരുത്തല്‍. രണ്ട് ടേം മത്സരിച്ച് ജയിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് തന്നെയാണ് സൂചന. പരമാവധി മൂന്ന് ഊഴം വരെ നല്‍കും. സുനില്‍ കുമാറിനെ പോലുള്ളവര്‍ ഇളവുണ്ടാകും.

No comments