Breaking News

ബിന്ദു കൃഷ്ണ ചാത്തന്നൂരിൽ..?ശൂരനാട് രാജശേഖരന് രാജ്യസഭ സീറ്റ്; കൊല്ലത്ത് പ്രശ്നപരിഹാരത്തിന് പുതിയ നീക്കം..


 കൊല്ലം; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഒരു മണ്ഡലത്തിൽ പോലും നിലംതൊടാൻ യുഡിഎഫിന് സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കളിമാറുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.


ജില്ലയിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. അതിനിടെ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന കൊല്ലം മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ചില സമവായ ശ്രമങ്ങൾ മുന്നോട്ട് വെയ്ച്ചിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.


ഇടതുപാർട്ടികളെ ജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലമാണ് കൊല്ലം. നേരത്തേ ഇടതുമുന്നണിയിൽ ആർഎസ്പി മത്സരിച്ചിരുന്ന മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയും 2006 മുതൽ സിപിഎം ഇവിടെ മത്സരിക്കുകയും ചെയ്തു. 2006 ലും 2011 ലും സിപിഎമ്മിന്റഎ പികെ ഗുരുദാസനായിരുന്നു മണ്ഡലത്തിൽ നിന്ന് ജയിച്ച് ജയറിയത്.


2016 ൽ ഗുരുദാസനെ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതാക്കളുടെ ആവശ്യം തള്ളി നടൻ മുകേഷിനെ സിപിഎം സ്ഥാനാർത്ഥിയാക്കി. ഇടതുകോട്ടയിൽ അത്തവണയും അത്ഭുദമൊന്നും നടന്നില്ലെന്ന് മാത്രമല്ല വൻ ഭൂരിപക്ഷത്തിൽ തന്നെ മുകേഷ് വിജയിച്ച് കയറുകയും ചെയ്തു.എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിനായിരുന്നു മുകേഷ് പരാജയപ്പെടുത്തിയത്.


2021 ലും വിജയം തങ്ങൾക്കൊപ്പം തന്നെയാണെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. തദ്ദേശ കണക്കുകളും എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നുമ്ട്. ഇത്തവണ രണ്ട് പഞ്ചായത്തുകളും 13 കോർപറേഷൻ ഡിവിഷനുകളും എൽഡിഎഫ് നേടിയിരുന്നു. അതേസമയം ഇത്തവണ എൽഡിഎഫ് മണ്ഡലത്തിൽ ആരെയാകും ഇറക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


നടൻ മുകേഷ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സിപിഎം അനുകൂല നിലപാട് സ്വീകരിച്ചേക്കില്ല.അതേസമയം കോൺഗ്രസിലാകട്ടെ ഇത്തവണ മണ്ഡലം പിടിക്കാനുള്ള ചരടുവലികൾ നേതാക്കൾ ശക്തമാക്കിയിരിക്കുകയാണ്.ഡിസിസി അധ്യക്ഷയായ ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറിയും മുൻ ഡിസിസി അധ്യക്ഷനുമായ ശൂരനാട് രാജശേഖരൻ, പിസി വിഷ്ണുനാഥ്, കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായ സൂരജ് രവി എന്നിവരാണ് സീറ്റിനായി രംഗത്തുള്ളത്.


സീറ്റ് മോഹവുമായി രണ്ട് വർഷമായി മണ്ഡലത്തിൽ പ്രവർത്തിച്ച് വരികയാണ് ബിന്ദു കൃഷ്ണ.അതേസമയം സീറ്റ് തർക്കം രൂക്ഷമായതോടെ ശൂരനാട് രാജശേഖരന് രാജ്യസഭ നല്‍കി പരിഹാരം കാണാനുള്ള സമവായ നീക്കം ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. കുന്നംകുളം സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇത് നിരസിച്ചതോടെയാണ് രാജ്യസഭ സീറ്റെന്ന നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.


എന്നാൽ ഇത് അംഗീകരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല.അതേസമയം രാജ്യസഭ സീറ്റെന്ന വാഗ്ദാനം സ്വീകരിച്ചില്ലേങ്കിൽ പാടെ തഴയപ്പെടുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. അങ്ങനെയെങ്കിൽ നിർദ്ദേശത്തിന് വഴങ്ങിയേക്കും. എന്നാൽ ബിന്ദു കൃഷ്ണയും പിസി വിഷ്ണുനാഥും കൊല്ലം സീറ്റിൽ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന് നേതൃത്വം കരുതുന്നു.


കൊല്ലം അല്ലാതെ മറ്റൊരു മണ്ഡലം വേണ്ടതില്ലെന്ന നിലപാടിലാണ് ബിന്ദു കൃഷ്ണ.നിലവിൽ കൊല്ലം ആല്ലെങ്കിൽ ചാത്തന്നൂരിൽ ബിന്ദുവിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ ആദ്യ സർവ്വേയിലെ നീക്കം. 2016 ൽ സിപിഐയുടെ ജി എസ് ജയലാൽ 67606 വോട്ടുകൾക്കായിരുന്നു ചാത്തന്നൂർ മണ്ഡലത്തിൽ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ശൂരനാട് രാജശേഖരന് ഇവിടെ 30139 വോട്ടുകളായിരുന്നു ലഭിച്ചത്.ഇടതു വലത് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.


ഇത്തവണ ബിന്ദു ചാത്തന്നൂരിൽ മത്സരിച്ചാൽ പാർട്ടിക്ക് അനുകൂല സാഹചര്യമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ ഫോര്‍വേഡ് ബ്ലോക്കും, ആര്‍എസ്പിയും കൊല്ലം സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തുന്നുണ്ടെന്നത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.


കൊല്ലമോ കുണ്ടറയോ വേണമെന്ന ആവശ്യമാണ് ആർഎസ്പി മുന്നോട്ട് വെച്ചിരിക്കുന്നത്. ഒൻപത് തവണ മത്സരിച്ച് വിജയിച്ച ഇരവിപുരം കോൺഗ്രസിന് കൊടുത്ത് ഈ രണ്ട് മണ്ഡലങ്ങളിൽ ഒന്ന് വേണമെന്നാണ് ആർഎസ്പി ആവശ്യപ്പെടുന്നത്. കൊല്ലം സീറ്റ് ലഭിച്ചാൽ മുൻ മന്ത്രിയും പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ ബാബു ദിവാകരനെ പരിഗണിക്കാനാണ് ആര്‍എസ്പി ആലോചിക്കുന്നത്.

No comments