ലീഗ് കണ്ണുവച്ച മണ്ഡലം; ധര്‍മജനെ ഇറക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്..!! ചെന്നിത്തലയ്ക്ക് മുമ്പില്‍ പോസ്റ്റര്‍.. ഇടത് കോട്ട പിടിച്ചെടുക്കാൻ മുറവിളി..
തൃശൂര്‍: എനിക്കിഷ്ടം ബാലുശേരി മണ്ഡലമാണ് എന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നുണ്ടെങ്കിലും ഏത് മണ്ഡലത്തിലാണ് താരം മല്‍സരിക്കുക എന്ന് അന്തിമ രൂപമായിട്ടില്ല. പല മണ്ഡലങ്ങളിലും ധര്‍മജന്‍ സ്ഥാനാര്‍ഥിയാകണം എന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോഴിക്കോട്ടെ ബാലുശേരിയും തൃശൂരിലെ ചേലക്കരയുമാണ് ഇതില്‍ പ്രധാനം. അന്തിമ തീരുമാനം എടുക്കേണ്ടത് എഐസിസി പ്രതിനിധികളാണ്. ചേലക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും ഈ ആവശ്യം ഉന്നയിച്ചു.
എന്നാല്‍ മുസ്ലിം ലീഗ് നോട്ടമിട്ടിരിക്കുന്ന മണ്ഡലം കൂടിയാണ് ചേലക്കര. പാര്‍ട്ടിക്കെതിരെ ഉയരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ചേലക്കരയെ ഉയര്‍ത്തിക്കാട്ടാനാണ് മുസ്ലിം ലീഗ് ശ്രമം. തോല്‍ക്കുന്ന മണ്ഡലത്തിലായാലും ഞാന്‍ റെഡി എന്ന് ധര്‍മജന്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
ബാലുശേരി മണ്ഡലത്തില്‍ ധര്‍മജന്‍ സജീവമാണിപ്പോള്‍. പാര്‍ട്ടി പരിപാടികളിലും സമരങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ധര്‍മജന്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. തന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്ന മണ്ഡലങ്ങളില്‍ തനിക്കിഷ്ടം ബാലുശേരിയാണെന്ന് ധര്‍മജന്‍ പറഞ്ഞു.
എറണാകുളത്തെ വൈപ്പിന്‍ സ്വദേശിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. വൈപ്പിന്‍ മണ്ഡലത്തിലും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകള്‍ക്കുന്നുണ്ട്. കൂടാതെ കുന്നത്തുനാട്, കോങ്ങാട് എന്നിവിടങ്ങളിലും ധര്‍മജന്റെ പേര് ചര്‍ച്ചയിലുണ്ട്. അതിനിടെയാണ് തൃശൂരിലെ ചേലക്കരയില്‍ ധര്‍മജനെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
തോല്‍ക്കുന്നതോ ജയിക്കുന്നതോ ആ മണ്ഡലങ്ങള്‍ തനിക്ക് പ്രശ്‌നമല്ല. പാര്‍ട്ടി പറഞ്ഞാല്‍ ഏത് മണ്ഡലത്തിലും മല്‍സരിക്കാന്‍ തയ്യാറാണ്. എഐസിസി ചുമതലപ്പെടുത്തിയവരാണ് തീരുമാനിക്കേണ്ടത്. സിനിമാ നടനായതുകൊണ്ടാകാം പല മണ്ഡലങ്ങളിലും ആവശ്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലുശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനോജ് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ധര്‍മജന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ധര്‍മജന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്ന മണ്ഡലങ്ങളെല്ലാം ഇടതുക്ഷം വര്‍ഷങ്ങളായി ജയിക്കുന്നതാണ് എന്ന കാര്യം എടുത്തുപറയേണ്ടതാണ്. ബാലുശേരിയില്‍ മാറ്റമുണ്ടാകണണമെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. തൃശൂരിലെ ചേലക്കര മണ്ഡലവും ഇടതുപക്ഷം പതിവായി ജയിച്ചുവരുന്നതാണ്. ഇവിടെ മുസ്ലിം ലീഗിനും നോട്ടമുണ്ട്.
തൃശൂരിലെ സംവരണ മണ്ഡലമാണ് ചേലക്കര. മുസ്ലിം ലീഗ് ഈ മണ്ഡലം ഏറ്റെടുക്കാനും വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് നേതാവ് ജയന്തി രാജനെ സ്ഥാനാര്‍ഥിയാക്കാനും മുസ്ലിം ലീഗ് ആലോചിക്കുന്നു. ഇതിലൂടെ വനിതയെ മല്‍സരിപ്പിച്ചു എന്ന് മുസ്ലിം ലീഗിന് പറയാനും സാധിക്കും. മാത്രമല്ല, ദളിത് നേതാവിനെ പരിഗണിച്ചു എന്ന കാര്യവും എടുത്തുപറയാം.
മുസ്ലിം ലീഗിന് ചേലക്കര വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസിന് യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് ധര്‍മജനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. മണ്ഡലം പിടിച്ചെടുക്കാന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചേലക്കരയില്‍ എത്തിക്കുക എന്നാണ് ഉള്ളടക്കം.

No comments