അരുവിക്കരയിൽ ശബരിനാഥിന് എതിരെ എഎ റഹീം..?? റഹീമിന്റെ മോഹം സഫലമാകുമോ..?? നടക്കില്ലെന്ന് കോൺഗ്രസ്..
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നും മത്സരിപ്പിക്കാനുള്ള സിപിഐഎം സാധ്യതാ പട്ടികയില്‍ ഏകദേശ ധാരണയായി. ശക്തമായ മത്സരത്തിന് സാധ്യതയുള്ള നേമം മണ്ഡലത്തില്‍ ഇത്തവണയും വി ശിവന്‍കുട്ടിയെത്തന്നെയാവും പാര്‍ട്ടി ഇറക്കുക. ആര്‍ പാര്‍വതി ദേവിയുടെ പേര് ഇവിടെ പരിഗണനയിലുണ്ടെങ്കിലും ശിവന്‍കുട്ടിക്ക് തന്നെയാണ് സാധ്യത. നേമം തിരിച്ചുപിടിക്കാന്‍ ശിവന്‍കുട്ടിയെപ്പോലെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള അഭിപ്രായം.
അരുവിക്കരയില്‍ സിറ്റിങ് എംഎല്‍എ ശബരീനാഥനെ നേരിടാനും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം വികെ മധുവിന്റെ പേരാണ് അരുവിക്കരയിലേക്കുള്ള സാധ്യതാപട്ടികയില്‍ നിലവിലുള്ളത്. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനെ ശബരീനാഥനെതിരെ ഇറക്കണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് തന്നെയാണ് സാധ്യതാ പട്ടികയിലുള്ളത്. വര്‍ക്കലയില്‍ വി ജോയിയും വാമനപുരത്ത് ഡികെ മുരളിയും മത്സരിച്ചേക്കും. കഴക്കൂട്ടം സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് തന്നെ നല്‍കാനാണ് സാധ്യത.
ആറ്റിങ്ങളില്‍ സിറ്റിങ് എംഎല്‍എ ബി സത്യന്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആറ്റിങ്ങല്‍ ഏരിയ കമ്മറ്റി അംഗം ഒഎസ് അംബികയ്ക്കാണ് സാധ്യത. പാറശ്ശാലയില്‍ സികെ ഹരീന്ദ്രനും നെയ്യാറ്റിന്‍ കരയില്‍ ആന്‍സലനും കട്ടാക്കടയില്‍ ഐബി സതീഷുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും കെഎന്‍ ബാലഗോപാലുമടക്കമുള്ള നേതാക്കളാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ യോഗം അന്തിമ തീരുമാനത്തിലെത്തും.

No comments