ഏത് രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കും ഇടമുള്ള നാട്. മൊട്ടയടിച്ച് മത്സരിക്കാനിറങ്ങിയ ലതികയുടെ മുന്നേറ്റം യുവസുന്ദരനായ പ്രിന്‍സ് ലൂക്കോസിന് വെല്ലുവിളിയാകുമോ..?? വിഎന്‍ വാസവന് അനുകൂലമാകുമോ..?? ആരോടും മമത കാണിക്കാത്ത ഏറ്റുമാനൂരില്‍ എന്ത് സംഭവിക്കും..??
കോട്ടയം: എല്ലാവിധ രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും ഇടം നല്‍കുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. മുന്നണികളെ മാറി മാറി പരീക്ഷിക്കും. വേണ്ടിവന്നാല്‍ സ്വതന്ത്രരെയും വിജയിപ്പിക്കും. അങ്ങനെ രണ്ട് വിമത സ്വതന്ത്രരെ വിജയിപ്പിച്ച ചരിത്രവും ഈ മണ്ഡലത്തിന് സ്വന്തം.
മണ്ഡലത്തിന്‍റെ അത്തരം പഴയ ചരിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഇത്തവണ ഏറ്റുമാനൂരിലെ പോരാട്ടം. മണ്ഡലത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തക തന്നെ സ്വതന്ത്രയായി രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇടതു പക്ഷം അവരുടെ ഒന്നാം നമ്ബര്‍ നേതാവിനെ മത്സരിപ്പിക്കുന്നു. യുഡിഎഫില്‍ നിന്നും ഘടകകക്ഷിയുടെ യുവ പോരാളിയും മാറ്റുരക്കുന്നു. എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് എന്തും സംഭവിക്കാം എന്നുതന്നെ ഉത്തരം !
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ലതികാ സുഭാഷിന്‍റെ രംഗപ്രവേശമാണ് ഇത്തവണ ഏറ്റുമാനൂരിനെ വ്യത്യസ്തമാക്കുന്നത്. കോണ്‍ഗ്രസ് ഈ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനല്‍കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ലതികയ്ക്ക് സീറ്റ് നേഷേധിച്ചു. അവര്‍ കെപിസിസി ആസ്ഥാനത്തിനു മുമ്ബില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ സ്വതന്ത്രമായാണ് ലതികയുടെ രംഗപ്രവേശം.
ലതികയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിന് പ്രദേശത്തെ കോണ്‍ഗ്രസ് അണികള്‍ക്കിടയിലും പ്രതിഷേധമുണ്ടെന്നത് മറച്ചുവെക്കാനാകില്ല. ഏറ്റുമാനൂരില്‍ നാമമാത്ര സാന്നിധ്യം പോലുമില്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റ് കൈമാറേണ്ടിവന്നതിന്‍റെ രോഷം കോണ്‍ഗ്രസ് അണികളിലുണ്ട്. പക്ഷേ കോണ്‍ഗ്രസുകാരുടെ അഭിമാനകേന്ദ്രമായ ഇന്ദിരാഭവന്‍ തല മുണ്ഡനം ചെയ്യാന്‍ അവര്‍ തെരഞ്ഞെടുത്തതിലുള്ള വിഷമം അവര്‍ക്കുണ്ട്. എന്തായാലും കോണ്‍ഗ്രസുകാരുടെ ഇത്തരം മനോവ്യാപാരങ്ങള്‍ ലതികാ സുഭാഷിന്‍റെ വോട്ടിങ്ങ് നിലയെ എങ്ങനെ സ്വാധീനിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
മുന്നണികള്‍ക്കിടയില്‍ ശക്തമായ മത്സരം തന്നെയാണ് ഇവിടെ. സിപിഎം ജില്ലാ സെക്രട്ടറി എന്നുമാത്രമല്ല, ഒരു കാലയളവില്‍ കോട്ടയത്തെ ജനപ്രിയ എംഎല്‍എ കൂടിയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍. പിന്നീട് കോട്ടയം നിയമസഭയിലും പാര്‍ലമെന്‍റിലുമായി രണ്ടു തവണ തോറ്റു. വാസവന് തോറ്റ ചരിത്രം അതിനുമുമ്ബുമുണ്ട്. പക്ഷേ ഇത്തവണ ജയിക്കാന്‍ തന്നെയാണ് മത്സരമെന്ന വാശിയിലാണ് വാസവന്‍.
കേരള കോണ്‍ഗ്രസിന്‍റെ യുവനേതാവെന്നതാണ് അഡ്വ. പ്രിന്‍സ് ലൂക്കോസിന്‍റെ അനുകൂല ഘടകം. സ്ഥാനാര്‍ഥികളിലെ ചെറുപ്പക്കാരനും സുന്ദരനും പ്രിന്‍സുതന്നെ. അതുമാത്രം മതിയോ വിജയിക്കാന്‍ എന്ന് ചോദിച്ചാല്‍ അത് ഏറ്റുമാനൂരുകാര് ഉത്തരം പറയേണ്ട ചോദ്യമാണ്. ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് എന്‍ ശ്രീനിവാസനും ഇവിടെ ഒരു കൈ പയറ്റാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.
ലതികയുടെ മുന്നേറ്റം വിജയത്തിലെത്തുമോ അതേ യുഡിഎഫിന് വെല്ലുവിളിയാകുമോ എന്നതൊക്കെ കണ്ടറിയണം. മുന്നണികളെ വെല്ലുവിളിച്ച് ജനതാ പാര്‍ട്ടി നേതാവ് പിബിആര്‍ പിള്ളയും തികച്ചും സ്വതന്ത്രനായി ജോസഫ് പൊടിപാറയും ഏറ്റുമാനൂരില്‍ വിജയം കണ്ടതാണ്. ആ ചരിത്രമൊക്കെ ലതികയ്ക്ക് തുണയാകുമോ എന്ന് കണ്ടറിയണം.

No comments