Breaking News

കുമ്മനം രാജശേഖരനെ നേമത്ത് നിന്നും മാറ്റിയേക്കും..!! തീരുമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം..

 


തിരുവനന്തപുരം: നേമത്തുനിന്ന് കുമ്മനം രാജശേഖരനെ മാറ്റിയേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കൂടി നോക്കിയായിരിക്കും ബി ജെ പി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വി ശിവന്‍കുട്ടിയാണ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനെപ്പോലെ കരുത്തരായ ആരെങ്കിലും സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ മത്സരം കൂടുതല്‍ കടുക്കും. അത് മുന്‍കൂട്ടി കണ്ടാണ് കുമ്മനത്തെ മാറ്റാന്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പാര്‍ട്ടി അക്കൗണ്ട് തുറന്ന നേമം മണ്ഡലം എന്തുവിലകൊടുത്തും നിലനിറുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. രാജഗോപാലിന് പകരം കുമ്മനത്തെ മത്സരിപ്പിക്കാനായിരുന്നു നേരത്തേ ബി ജെ പിയുടെ തീരുമാനം.മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.


സംസ്ഥാനത്ത് ബി ജെ പി ശക്തിവര്‍ദ്ധിപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് നേമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നിശേഷം പരാജയപ്പെട്ട അവസ്ഥയിലാണ്. പഴയ കോണ്‍ഗ്രസുകാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ ബി ജെ പിയിലാണ്. അതിനാല്‍ കരുത്തര്‍ വന്നാലും വിജയിക്കുക ഏറെ കടുപ്പമാണ്. നേമത്ത് മുരളീധരനെപ്പോലെയുള്ളവര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവുന്നത് ബി ജെ പിക്ക് നേട്ടമുണ്ടാക്കാനേ ഉപകരിക്കൂ എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കരുത്തര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ ഇവി‌ടെ സി പി എമ്മിന് ലഭിക്കേണ്ട ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും അത് ബി ജെ പിയെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.


നേമത്തുനിന്ന് മാറ്റുകയാണെങ്കില്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിച്ചേക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാന്‍ സാധിച്ചിരുന്നില്ല. നിലവിലെ എം എല്‍ എ വികെ പ്രശാന്ത് ഏറെ ജനകീയനായതിനാല്‍ മുന്‍വര്‍ഷങ്ങളെപ്പോലെ എളുപ്പത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇവിടെ ബി ജെ പിക്ക് കഴിയില്ല എന്നാണ് വിലയിരുത്തുന്നത്.

No comments