Breaking News

കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്റിന് വീണ്ടും കണ്‍ഫ്യൂഷന്‍ ; സാഹചര്യം പഠിക്കാന്‍ താരിഖ് അന്‍വറും കേരളത്തില്‍ എത്തും.. വിട്ട് കൊടുക്കാതെ മുതിർന്ന നേതാക്കൾ.. ജി 23 നേതാക്കളുടെ..

 


ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഗ്രൂപ്പ് തര്‍ക്കത്തില്‍ തട്ടിനില്‍ക്കുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും കണ്‍ഫ്യൂഷന്‍. കെ.സുധാകരനെ ഉടന്‍ പ്രഖ്യാപിച്ചേക്കാനിരിക്കെ തീരുമാനം വീണ്ടും നീളുമെന്നാണ് പുതിയ സൂചനകള്‍. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ പഠനം നടത്തിയ വിദഗ്ദ്ധസമിതി ഹൈക്കമാന്റിന് നല്‍കിയ റി​പ്പോര്‍ട്ടിന് പുറമേ കേരളത്തിലെ നിരീക്ഷകന്റെ അഭിപ്രായം ​കൂടി അറിഞ്ഞ ശേഷം മതി തീരുമാനം എന്നാണ് ഹൈക്കമാന്റ് പുതിയതായി എടുത്തിരിക്കുന്ന നിലപാട്.


തീരുമാനം ഉടനുണ്ടായേക്കില്ലെന്നും സംസ്ഥാന നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി അതിന്റെ കൂടി അടിസ്ഥാനത്തില്‍ നേതാവിനെ തെരഞ്ഞെടുത്താല്‍ മതിയെന്നുമാണ് ഹൈക്കമാന്റിന്റെ പുതിയ തീരുമാനം.


ഇതോടെ കെപിസിസി അദ്ധ്യക്ഷന്‍ പ്രഖ്യാപനം ഇനിയും നീളുമെന്ന് ഉറപ്പായി. കേരളത്തിലെ നേതാക്കളുമായി കെപിസിസി അദ്ധ്യക്ഷ സ്ഥാനം ചര്‍ച്ച ചെയ്യാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ലോക്ക്ഡൗണിന് ശേഷം എത്തുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പുറമേ പ്രാദേശിക നേതൃത്വങ്ങളെ കൂടി കാണാനാണ് ഉദ്ദേശം.


ഈ മാസം 9 വരെ കേരളത്തില്‍ ലോക്ഡൗണ്‍ ആയതിനാല്‍ അതിനു ശേഷമേ താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തൂ. കേരളത്തി​ലെ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കുക എന്നത് ഹൈക്കമാന്റിന് എല്ലാക്കാലവും തലവേദനയാണ്. കോണ്‍ഗ്രസില്‍ ഒരാളെ നേതാവാക്കാന്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും എന്നതാണ് ഹൈക്കമാന്റിന് നേരിടേണ്ടി വരുന്ന പ്രതിസന്ധി. തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി സമ്ബൂര്‍ണ്ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. കെ.സുധാകരന്റെ പേരാണ് ആദ്യം ഉയര്‍ന്നു വന്നതെങ്കിലും ഇപ്പോള്‍ അതിലേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെയും കെ. മുരളീധരന്റെയും കൂടി പേരുകള്‍ വന്നിട്ടുണ്ട്.


സംസ്ഥാന നേതൃത്വം ഒറ്റപ്പേര് മുന്നോട്ടു വച്ചാല്‍ അതിനു മുന്‍ഗണന നല്‍കാനാണ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. എന്നാല്‍ പല പേരുകള്‍ ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ സമവായ വഴി കണ്ടെത്തേണ്ടി വരും. സംസ്ഥാന നേതൃത്വത്തെ വെട്ടി ഹൈക്കമാന്‍ഡിന്റെ നോമിനിയായി ഏതെങ്കിലും നേതാവിനെ അവരോധിക്കാനും കഴിയാത്ത സാഹചര്യത്തില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായവും തേടിയാകും തീരുമാനം എടുക്കുക. കേരളത്തില്‍ നിന്ന് താരിഖ് മടങ്ങിയെത്തിയ ശേഷം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും പ്രസിഡന്റിനെ നിയമിക്കുക.

No comments