സുധാകരനും സതീശനും വന്നിട്ടും കാര്യമില്ല..?? യുഡിഎഫില്‍ നിന്നു കൊണ്ട് ഒരു തിരിച്ചു വരവ് അസാദ്ധ്യം; മുന്നണി വിടാനൊരുങ്ങി ആർഎസ്പി..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ തിരിച്ചടിക്ക് പിന്നാലെ, മുന്നണി വിടണമെന്ന വികാരം ആര്‍.എസ്.പിയില്‍ ശക്തിപ്പെടുന്നു. കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലുയര്‍ന്ന വാദഗതികളുടെ തുടര്‍ച്ചയായി ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം പേരും യു.ഡി.എഫില്‍ തുടരുന്നത് പാര്‍ട്ടിക്ക് നഷ്ടക്കച്ചവടമാണെന്ന വികാരം പങ്കുവച്ചു. ഇടതുചേരിയിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാല്‍, 34 വര്‍ഷം ഇടത് ഐക്യത്തിനായി ത്യാഗം സഹിച്ച പാര്‍ട്ടിക്ക് പല കാലങ്ങളിലായി സീറ്റുകളടക്കം വിട്ടുനല്‍കി മെലിയേണ്ട അവസ്ഥയാണുണ്ടായതെന്ന് ഒരു വിഭാഗം വാദിച്ചു.രാവിലെ ആരംഭിച്ച ചര്‍ച്ച വൈകിട്ട് അഞ്ചരയായിട്ടും പൂര്‍ത്തിയാവാത്തതിനാല്‍ ജൂലായ് എട്ടിന് വീണ്ടും സംസ്ഥാനകമ്മിറ്റി ചേരാന്‍ നിശ്ചയിച്ചാണ് പിരിഞ്ഞത്.
7ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നിട്ടാകും 8ന് സംസ്ഥാനകമ്മിറ്റി വീണ്ടും ചേരുക. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിപുലമായ കണ്‍വെന്‍ഷന്‍ വിളിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് നീങ്ങാമെന്നാണ് ധാരണ.
കൃത്യമായ രാഷ്ട്രീയവിഷയമില്ലാതെ മുന്നണി വിടുന്നത് യുക്തിസഹമല്ലെന്നതാണ് പാര്‍ട്ടി നേതൃത്വത്തെയടക്കം അലട്ടുന്നത്. മാത്രമല്ല, ഇനിയും ഇടതുമുന്നണിയിലേക്ക് തിരിച്ചുചെന്നാല്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും നേതൃത്വം കരുതുന്നു.
2014ല്‍ ഇടതുമുന്നണി വിട്ട ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളില്‍ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. കൊല്ലം സീറ്റില്‍ എന്‍.കെ. പ്രേമചന്ദ്രനാണ് വിജയിച്ചത്. ഇടതുമുന്നണിയിലായിരുന്നപ്പോള്‍ നാല് നിയമസഭാ സീറ്റുകളില്‍ മൂന്നിലും ജയിച്ച് നില്‍ക്കുകയായിരുന്നു. ഉറച്ച എല്‍.ഡി.എഫ് മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത് എന്നിരിക്കെ, യു.ഡി.എഫില്‍ നിന്നുകൊണ്ടൊരു തിരിച്ചുവരവ് അസാദ്ധ്യമാണെന്നാണ് വാദം.
യു.ഡി.എഫില്‍ മുഖ്യപാര്‍ട്ടിയായ കോണ്‍ഗ്രസില്‍ സംഘടനാദൗര്‍ബല്യം പ്രകടമാണെന്നും പുതിയ നേതൃത്വം വന്നിട്ടും കാര്യമില്ലെന്നുമാണ് മുന്നണി വിടണമെന്ന് വാദിക്കുന്നവരുടെ വാദം. എന്നാല്‍, കെ. സുധാകരനും വി.ഡി. സതീശനും നേതൃനിരയിലെത്തിയത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് മറുവാദം.

No comments