Breaking News

'കെ സുധാകരന്‍ വിരിച്ച വലയില്‍ വീണത് പിണറായി'; കെപിസിസി അദ്ധ്യക്ഷനെ..

 


തിരുവനന്തപുരം: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്പോരില്‍ കെ പി സി സി അദ്ധ്യക്ഷന് പൂര്‍ണ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. കെ സുധാകരന് എതിരായുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒഴിവാക്കണമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായി പോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


മരംമുറി കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും കോണ്‍ഗ്രസ് സുധാകരന് പിന്നില്‍ ഒറ്റക്കെട്ടായി നിന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്യാമ്ബസ് രാഷട്രീയ അനുഭവം സുധാകരന്‍ പങ്കുവച്ചതില്‍ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടത്.


കെ പി സി സി പ്രസിഡന്‍റിനെ അപമാനിക്കാന്‍ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം. കെ സുധാകരനല്ല, മുഖ്യമന്ത്രിയാണ് കെ സുധാകരന്‍ വിരിച്ച വലയില്‍ വീണത് എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.


മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ബ്രണ്ണന്‍ കോളേജില്‍ പഠിച്ച കാലമല്ല ഇത്. ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോയെന്ന് പിണറായി വിജയനും സി പി എമ്മും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു. സുധാകരന്‍ പറഞ്ഞതില്‍ തെറ്റില്ലന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments