Breaking News

ജാനു പണം തന്നെന്ന് സിപിഎം മുന്‍ എംഎല്‍എ..

 


വയനാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി കെ ജാനു തനിക്ക് നല്‍കിയത് കടം വാങ്ങിയ പണമാണെന്ന് സിപിഎം കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ നല്‍കിയ പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്നും നാല് ലക്ഷത്തി അമ്ബതിനായിരം രൂപ കല്‍പ്പറ്റയിലെ കേരള ബാങ്കിലെത്തി സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് അവര്‍ നല്‍കുകയായിരുന്നു എന്നും എംഎസ്‌എഫ് നേതാവ് സംസ്ഥാന അദ്ധ്യക്ഷന്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു.


ഇതിനു പിന്നാലെയാണ് ശശീന്ദ്രന്‍ തന്റെ ഭാഗം വിശദീകരിച്ചത്. 2019ല്‍ മൂന്ന് ലക്ഷം രൂപ സി കെ ജാനു വാങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയത്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.


പണത്തില്‍ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലും തന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 


വാഹനം വാങ്ങാനായി സാമ്ബത്തിക സഹായം ചെയ്യാന്‍ പറ്റുമോ എന്ന് ജാനു തന്നോട് ചോദിച്ചിരുന്നു. താന്‍ അവരെ ഡ്രൈവേഴ്‌സ് സൊസൈറ്റിക്കാരുടെ അടുത്തേക്കാണ് ആദ്യം പറഞ്ഞുവിട്ടത്. എന്നാല്‍ അവിടെനിന്നും വായ്പ ലഭിച്ചില്ല.


തുടര്‍ന്ന് 2019 ഒക്ടോബറില്‍ മൂന്നുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. ജാനു 2020ല്‍ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെ നല്‍കി. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാര്‍ച്ചിലാണ് നല്‍കിയത്. വ്യക്തിപരമായ സാമ്ബത്തിക സഹായം എന്ന നിലയ്ക്കാണ് ജാനുവിന് പണം നല്‍കിയത്. സി കെ ശശീന്ദ്രന്‍ പറഞ്ഞു.


ജാനുവിനെ എന്‍ ഡി എയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം നല്‍കിയെന്നാണ് ആരോപണം. ജെ ആര്‍ പി ട്രഷറര്‍ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.


കേസില്‍ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ പൊലീസ് തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കല്‍പ്പറ്റ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തത്. സുരേന്ദ്രന്‍ ജാനുവിന് പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച ജെ ആര്‍ പി നേതാക്കളായ പ്രസീദ, പ്രകാശന്‍ ബാബു എന്നിവരുടെ മൊഴിയും എടുക്കുമെന്നാണ് വിവരം.

No comments