Breaking News

കര്‍ണാടകയില്‍ ‘ദീദീ’യെ മാതൃകയാക്കാന്‍ കോണ്‍ഗ്രസ്; കളംമാറിയ എംഎല്‍എമാര്‍ ബിജെപിയില്‍ കലാപമുണ്ടാക്കുന്നു, ഒരുക്കങ്ങള്‍ തുടങ്ങി ഡികെ

 


ബംഗളൂരു: കര്‍ണാടക ബിജെപിയില്‍ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി മുതലെടുക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ശ്രമിച്ചേക്കുമെന്ന് സൂചന. ത്രിപുരയിലും പശ്ചിമ ബംഗാളിലും മമതാ ബാനര്‍ജി നടത്തുന്ന ഘര്‍വാപ്‌സി കരുനീക്കങ്ങള്‍ക്ക് സമാനമായി കര്‍ണാടകയിലും കരുനീക്കങ്ങള്‍ നടത്താനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. 18 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപി വലവീശിപ്പിടിച്ചത്. ഇവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്ന വിമത നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.


എച്ച് വിശ്വനാഥന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ യെദ്യൂരപ്പയ്ക്ക് നേരെ രൂക്ഷമായി ആരോപണങ്ങളാണ് ഇന്ന് ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി ഘടകം യെദ്യൂരപ്പയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ അസ്വാരസ്യങ്ങളുണ്ട്. ഈ അസ്വാരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എച്ച് വിശ്വനാഥനെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. ഇത് രൂക്ഷമായാല്‍ യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് പോവേണ്ടി വരും. ഇത് പാര്‍ട്ടിക്ക് കനത്ത ആഘാതമാവും.


‘ഞങ്ങള്‍ക്ക് യെദ്യൂരപ്പയുടെ നേതൃത്വത്തോട് ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെയും താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇപ്പോള്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ഇച്ഛാ ശക്തിയും നെഞ്ചുറപ്പും അദ്ദേഹത്തിനില്ല. ഒരുപക്ഷേ ആരോഗ്യ സ്ഥിതി പരിഗണിക്കേണ്ട സമയമാണിത്. മന്ത്രിമാരെല്ലാം തന്നെ അദ്ദേഹത്തിന്റെ ഭരണത്തില്‍ കടുത്ത അസംതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്’എച്ച് വിശ്വനാഥന്‍


കര്‍ണാടക മോദിജിയെ മറക്കുകയാണെന്നും ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരെ തിരിയുമെന്നും എച്ച് വിശ്വനാഥന്‍ ദേശീയ നേതാവായ അരുണ്‍ സിംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ യെദ്യൂരപ്പയ്‌ക്കെതിരെ ശക്തമായ വിമത നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അരുണ്‍ സിംഗ് ദേശീയ നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരണമോയെന്ന് ഇതിന് ശേഷമായിരിക്കും പാര്‍ട്ടി തീരുമാനിക്കുക.


മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങളൊന്നും അവതരിപ്പിക്കരുതെന്നും തനിക്ക് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുവെന്നുമാണ് കര്‍ണാടകയിലെത്തിയ ഉടന്‍ അരുണ്‍ സിംഗ് നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വിമത നീക്കങ്ങളോട് മുഖം തിരിക്കുന്ന നിലപാടിലാണ് യെദ്യൂരപ്പ. മുഖ്യമന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീലിന്റെ പിന്തുണയുണ്ട്. ‘നിലവില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നും യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കുന്നു.


കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് ഡികെ ശിവകുമാര്‍ പുതിയ സാഹചര്യം വിലയിരുത്താന്‍ രഹസ്യ യോഗങ്ങള്‍ നടത്തിയേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ബിജെപിയില്‍ ഉള്‍പോര് ശക്തി പ്രാപിച്ചാല്‍ കോണ്‍ഗ്രസ് തുറുപ്പുചീട്ടായി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പയ്ക്ക് പിന്തുണ നഷ്ടമായാല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ ലാഭമുണ്ടാവും. അതേസമയം വിഷയം വഷളാവാതെ നോക്കാന്‍ അമിത് ഷാ പ്രത്യേക നിര്‍ദേശം നല്‍കിയേക്കും.

No comments