Breaking News

പ്രശാന്ത് കിഷോറിന്‍റെ 'ഐപാക്' സംഘത്തെ ത്രിപുരയില്‍ ഹോട്ടലില്‍ തടഞ്ഞുവെച്ചു..!! മമതയുടെ ആ ലക്ഷ്യം പൊളിക്കാൻ..

 


അഗര്‍ത്തല: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ഐപാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) സംഘത്തെ ത്രിപുരയില്‍ ഹോട്ടലില്‍ തടഞ്ഞുവെച്ചു. സംസ്ഥാന ഭരണത്തെ കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായമറിയാന്‍ സര്‍വേ നടത്തുന്നതിനായാണ് സംഘം ത്രിപുരയിലെത്തിയത്. അഗര്‍ത്തലയിലെ സ്വകാര്യ ഹോട്ടലില്‍ സംഘത്തെ തടഞ്ഞുവെക്കുകയായിരുന്നെന്നാണ് പരാതി.


പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഹോട്ടലിലെത്തി സംഘത്തെ ചോദ്യംചെയ്തു. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യവും താമസവുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം ഹോട്ടലിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആവശ്യപ്പെട്ടു.


23 പേരടങ്ങിയ ഐപാക് സംഘമാണ് സര്‍വേക്കെത്തിയതെന്നും കോവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായാണ് ഹോട്ടലില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


ഐപാക് സംഘത്തെ ബി.ജെ.പി സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു. ബംഗാളിലെ തൃണമൂല്‍ വിജയം ബി.ജെ.പിയെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് ഐപാക് സംഘം സര്‍വേ നടത്തുന്നതെന്നാണ് വിവരം. ബംഗാളില്‍ മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചത് പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലായിരുന്നു.

No comments