രാജസ്ഥാന് മന്ത്രിസഭ വികസനത്തിൽ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി നിർണായക ചര്‍ച്ച..!! സച്ചിൻ പൈലറ്റിന്റെ ആവശ്യങ്ങളും ഗേലോട്ടിന്റെ..
ജയ്പുര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭ പുനഃസംഘാടനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന് പാര്‍ട്ടി എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി. സംസ്ഥാന ഭരണത്തെക്കുറിച്ച് എം.എല്‍.എമാരില്‍ നിന്ന് മാക്കന് പ്രതികരണമാരാഞ്ഞു.
66 എം.എല്‍.എമാരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ മാക്കന് വ്യാഴാഴ്ച 52 എം.എല്‍.എമാരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തി. ജില്ല തിരിച്ചായിരുന്നു ചര്‍ച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര ചൗധരി മാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരില്‍നിന്ന് പ്രതികരണം തേടുന്നത് കോണ്‍ഗ്രസില്‍ പുതുമയല്ലെന്നും പാര്‍ട്ടിക്ക് ഗുണകരമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ചര്‍ച്ചക്കു ശേഷം ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു.
അതേസമയം, പാര്‍ട്ടിക്കുവേണ്ടി ചോരയും നീരുമൊഴുക്കിയ ജനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നുറപ്പാക്കണമെന്ന് എം.എല്‍.എ റാം നിവാസ് ഗവാഡിയ വാര്‍ത്തലേഖകരോട് പറഞ്ഞു. ഗെഹ്ലോട്ട് മന്ത്രിസഭയിലെ ചിലര്‍ക്കെതിരെ ഗവാഡിയ പരാതി ഉന്നയിച്ചിരുന്നു. 2018 ലാണ് അശോക് ഗെഹ്ലോട്ടിെന്റ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 106 അംഗങ്ങളുണ്ട്. കൂടാതെ 13 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. അജയ് മാക്കനു പുറമെ കെ.സി. വേണുഗോപാലും ശനിയാഴ്ച അശോക് ഗെഹ്ലോട്ടുമായി ചര്‍ച്ച നടത്തിയിരുന്നു.

No comments