Breaking News

ഐ.എന്‍.എല്‍ പിളര്‍ന്നു..!! കാസിം ഇരിക്കൂറിനെ പുറത്താക്കി​യെന്ന്​ വഹാബ്​..!! മന്ത്രി സ്ഥാനം..


 കൊച്ചി: കൈയ്യാങ്കളിയില്‍ പിരിഞ്ഞ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന്​ പിന്നാലെ ഐ.എന്‍.എല്‍ (ഇന്ത്യന്‍ നാഷനല്‍ ലീഗ്​) പിളര്‍ന്നു. ജന. സെക്രട്ടറി കാസിം ഇരിക്കൂറിനെ പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കിയതായി സംസ്​ഥാന പ്രസിഡന്‍റ്​ എ.പി. അബ്ദുല്‍ വഹാബ്​ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ വര്‍ക്കിങ്​ പ്രസിഡന്‍റിനാണ്​ താല്‍ക്കാലിക ചുമതല. പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഐ.എന്‍.എല്‍ ദേശീയ നേതൃത്വം കാസിം ഇരിക്കൂറി​െനാപ്പമാണ്​.


യോജിച്ച്‌ മുന്നോട്ട് പോകാനാവാത്ത വിധം ഇരുപക്ഷവും നേരത്തെ തന്നെ അകന്നുകഴിഞ്ഞിരുന്നു. അതിന്‍റെ ​പൊട്ടിത്തെറിയാണ്​ ഇന്ന്​ രാവിലെ കൊച്ചിയില്‍ നടന്ന കൂട്ടത്തല്ലിലൂടെ പരസ്യമായത്​.


സാധാരണ പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ ഇടപെട്ട് പരിഹരിച്ചിരുന്നത് അഖിലേന്ത്യ അധ്യക്ഷനായിരുന്നു. എന്നാല്‍, അഖിലേന്ത്യ പ്രസിഡണ്ടിനും ഒന്നിപ്പിക്കാന്‍ കഴിയാത്തവിധം ഇരു ഗ്രൂപ്പുകളും വിഘടിച്ചു. മുസ്ലിം ലീഗില്‍ പാണക്കാട് തങ്ങള്‍ക്കുള്ള പോലെ അധികാരമാണ് ഐ.എന്‍.എല്ലില്‍ അഖിലേന്ത്യ പ്രസിഡണ്ടിനുള്ളത്.


പാര്‍ട്ടി രൂപവത്കരണ കാലത്ത് നെടുംതൂണായിരുന്നു ഇബ്രാഹിം സുലൈന്‍മാന്‍ സേട്ടിന് നല്‍കിയിരുന്ന അധികാരങ്ങള്‍ തുടര്‍ന്നുള്ള പ്രസിഡണ്ടുമാര്‍ക്കുമുള്ളതിനാല്‍ സംഘടനതലത്തിലെ പ്രശ്നങ്ങളില്‍ അന്തിമ വാക്ക് അഖിലേന്ത്യ അധ്യക്ഷെന്‍റതാണ്. അഖിലേന്ത്യ പ്രസിഡണ്ടുമായി കൂടുതല്‍ അടുത്തവര്‍ മേല്‍ക്കൈ നേടുന്ന സാഹചര്യമാണ് ഐ.എന്‍.എല്ലില്‍ നിലനില്‍ക്കുന്നത്. കാസിം ഇരിക്കൂര്‍ ജന. െസക്രട്ടറിയായ ശേഷം അഖിലേന്ത്യ നേതൃത്വത്തില്‍ പിടിമുറുക്കി ഏകാധിപത്യ പ്രവര്‍ത്തനം നടത്തുന്നതായാണ് വഹാബ് പക്ഷത്തിെന്‍റ ആരോപണം. തീരുമാനങ്ങളെടുക്കുന്നതില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികാരമോഹികളായ ചിലരുടെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കാസിം ഇരിക്കൂര്‍ പക്ഷവും പറയുന്നു.


നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ കാലുഷ്യം രൂക്ഷമായത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ യുവനേതാവ് എന്‍.കെ. അബ്ദുല്‍ അസീസ് ഉള്‍പ്പെടെ ചിലര്‍ കണ്ണുവെച്ചിരുന്നു. എന്നാല്‍, അഹമ്മദ് ദേവര്‍കോവിലിന് നറുക്ക് വീഴുകയും അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തതോടെ പ്രശ്നങ്ങള്‍ ആളിക്കത്താന്‍ തുടങ്ങി. അഹമ്മദ് ദേവര്‍കോവിലിെന്‍റ വലംകൈയ്യായി കാസിം ഇരിക്കൂര്‍ നിലയുറപ്പിച്ചതോടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഏകാഭിപ്രായത്തിലെത്താനായില്ല. അതിനിടെ, ദേവര്‍കോവിലിനെ തോല്‍പിക്കാന്‍ ചരടുവലി നടത്തിയതിെന്‍റ പേരില്‍ എന്‍.കെ. അബ്ദുല്‍ അസീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് വിളിക്കണമെന്ന ആവശ്യവുമായി പ്രസിഡണ്ട് എ.പി.എ. വഹാബ് രംഗത്തുവന്നത്. ഇതിന് കാസിം ഇരിക്കൂര്‍ തയ്യറാവാതിരുന്നതോടെ ഉടലെടുത്ത പ്രശ്നം അഖിലേന്ത്യ പ്രസിഡണ്ട് ഇടപെട്ട് പരിഹരിച്ചെങ്കിലും നേരത്തെ നീറിക്കൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ ആളിക്കത്തിയത്.


പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന പി.എം.എ. സലാം ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് ചേക്കേറിയപ്പോള്‍ പിടിച്ചുനിന്ന പാര്‍ട്ടി ഇപ്പോഴുണ്ടായ നേതൃത്വ ഭിന്നതയില്‍ ആടി ഉലയുകയാണ്. നേരത്തെ ഐ.എന്‍.എല്‍ പ്രശ്നങ്ങള്‍ ഇടതു മുന്നണിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കിയപ്പോള്‍ മുന്നണി നേതൃത്വം നേതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. കിട്ടിയ മന്ത്രിസ്ഥാനം വിനയായ സാഹചര്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളത്.

No comments