Breaking News

രാജിവച്ചെങ്കിലും കര്‍ണാടകം ഇനിയും യെദിയൂരപ്പ ഭരിക്കും..!! വിശ്വസ്തനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ മകനെ ഉപ മുഖ്യമന്ത്രിയാക്കാനും നീക്കം..

 


ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചെങ്കിലും സംസ്ഥാനത്തിന്റെ ഭരണം യെദിയൂരപ്പയുടെ കൈകളിലായിരിക്കുമെന്ന് കൂടുതല്‍ ഉറപ്പായി. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത്. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിര്‍ദ്ദേശിച്ചുവെന്നും രാജിവയ്ക്കുന്നതിനുമുമ്ബ് ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് യെദിയൂരപ്പ അനുമതി നേടിയെടുത്തിരുന്നു എന്നുമാണ് അറിയുന്നത്.


തന്റെ വലംകൈയായ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കുന്നതില്‍ യെദിയൂരപ്പ നേരത്തേ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകനെ ഉപമുഖ്യമന്ത്രിയാക്കി ഭരണം പിന്‍സീറ്റിലിരുന്ന് നിയന്ത്രിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നത്.


എന്നാല്‍ വിജയേന്ദ്രയുടെ രംഗപ്രവേശത്തെ എതിര്‍ത്ത് പാര്‍ട്ടി എം എല്‍ എമാരില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഭാവിയില്‍ മകനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ടിക്കാനുള്ള നീക്കമായാണ് അവര്‍ ഇതിനെ കാണുന്നത്.


യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് വിജയേന്ദ്ര. ഇപ്പോള്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്‍്റാണ്. ശിവമോഗ എംപിയും മൂത്ത മകനുമായ രാഘവേന്ദ്രയേക്കാള്‍ അച്ഛനില്‍ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണ്.


കഴിഞ്ഞ തിങ്കളാഴ്ച മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ദിനത്തിലായിരുന്നു യെദിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. വിതുമ്ബി കരഞ്ഞുകൊണ്ടാണ് രാജിവയ്കുന്ന വിവരം സഭയെ അറിയിച്ചത്. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയും യെദിയൂരപ്പയുടെ വിശ്വസ്തനും ലിം​ഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായിരുന്ന ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

No comments