പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂലിലേക്ക്..?
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. അഭിജിത്ത് ഇന്ന് വൈകിട്ട് നാലുമണിക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുന്‍ ജംഗിപൂര്‍ എംപിയായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയാണ്. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വച്ച് അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോള്‍ മുതല്‍ തന്നെ അഭിജിത്ത് തൃണമൂലില്‍ ഉടന്‍ തന്നെ ചേരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
അടുത്തിടെ, വ്യാജ വാക്‌സിനേഷന്‍ വിവാദത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണച്ച് അഭിജിത്ത് രംഗത്തുവന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് ഒരാള്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ മമതയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നീരവ് മോദി, വിജയ് മല്യ എന്നിവരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമാനമായ നിലയില്‍ കുറ്റപ്പെടുത്തണമെന്ന അഭിജിത്ത് മുഖര്‍ജിയുടെ വാക്കുകള്‍ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. മമത ബാനര്‍ജിയെ പരസ്യമായി പിന്തുണച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. ബംഗാള്‍ കോണ്‍ഗ്രസ് യൂണിറ്റും പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്‍ധിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ട മുഖര്‍ജി കോണ്‍ഗ്രസില്‍ തന്നെ തുടരുകയാണ്.
അതേസമയം, പുറത്തുവരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിക്കുന്നില്ലെങ്കിലും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരാനില്ലെന്നാണ് അഭിജിത്ത് മുഖര്‍ജിയുടെ പ്രതികരണം. 'ഞാന്‍ തൃണമൂല്‍ ഭവനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍. ജംഗിപൂര്‍ മണ്ഡലത്തിലാണ്. എന്നെ ഇപ്പോള്‍ ഇവിടെ നിന്ന് ആരെങ്കിലും ടെലിപോര്‍ട്ട് ചെയ്താല്‍ അല്ലാതെ ഞാന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ പോകുന്നില്ല,' എന്നാണ് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്. എന്നാല്‍ അഭിജിത്ത് തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നായിരുന്നു അന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്.' ഞാന്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്,' എന്നാണ് ജൂണില്‍ അദ്ദേഹം പി.ടി.ഐ.യോട് പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ച് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അഭിജിത്ത് മുഖര്‍ജി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്. ജിതിന്‍ പ്രസാദയുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിജിത്ത് മുഖര്‍ജി. ജംഗിപൂര്‍ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ ലോക്‌സഭാംഗമായി അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

No comments