20 വര്‍ഷത്തിനിടയില്‍ കേന്ദ്രമന്ത്രി അറസ്റ്റിലാകുന്നത് ഇതാദ്യം..!! റാണെയുടെ അറസ്റ്റ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചേക്കും..
മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ അടിക്കണം എന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി നാരായണ റാണേയെ അറസ്റ്റ് ചെയ്ത സംഭവം മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചേക്കുമെന്ന് സൂചന.
20 വര്‍ഷത്തിനിടയില്‍ ഒരു സംസ്ഥാനത്ത് പിടിയിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് നാരായണ റാണേ. പരാമര്‍ശത്തിന്റെ പേരില്‍ വന്ന പരാതിയില്‍ കേസെടുത്ത മഹാരാഷ്ട്ര പോലീസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചിരുന്നില്ല. ശിവസേനയുടെ പരാതിയില്‍ മൂന്ന് കേസുകളാണ് എടുത്തത്.
നേരത്തേ അറസ്റ്റ് ഒഴിവാക്കാനും എഫ്‌ഐആര്‍ റദ്ദാക്കാനും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടല്‍ റാണേ തേടിയിരുന്നെങ്കിലും ഫലവത്തായില്ല. തിങ്കളാഴ്ച ബിജെപിയുടെ ജന ആശിര്‍വാദ് യാത്രയ്ക്കിടയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ശിവസേന കേന്ദ്രമന്ത്രിക്കെതിരേ പരാതി നല്‍കിയത്. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് താക്കറെയ്‌ക്കെതിരെ റാണ പ്രതികരിച്ചത്.
മുഖ്യമന്ത്രിയെ അടിക്കണമെന്നായിരുന്നു പരാമര്‍ശം. ഇതിന്റെ പേരില്‍ ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. റാണെ അറസ്റ്റിലാകുമെന്നായതോടെ ശിവസേനയുടേയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് താക്കറെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. 'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്ക് അറിവില്ലാത്തത് നാണക്കേടാണ്. പ്രസംഗത്തിനിടെ അദ്ദേഹം വര്‍ഷം പിന്നോട്ട് എണ്ണുകയാണ്. താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍, ആഞ്ഞൊരു അടി കൊടുത്തേനെ' എന്നായിരുന്നു റാണെ നടത്തിയ പരാമര്‍ശം.
മുംബൈയിലും മറ്റിടങ്ങിലും റാണെയെ 'കോഴിക്കള്ളന്‍' എന്ന വിളിച്ചുകൊണ്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ശിവസേന എംഎല്‍എ ആയിരുന്ന റാണ 1990ല്‍ പാര്‍ട്ടിയുമായി തെറ്റിയാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് എത്തിയത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന മന്ത്രിസഭാ പുന:സംഘടനയിലാണ് റാണ കേന്ദ്രമന്ത്രിയായത്. അതേസമയം അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്.

No comments