ഉദ്ദവ് താക്കറയെ തല്ലുമെന്ന് കേന്ദ്രമന്ത്രി..!! അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്..
റായിഗഡില്‍ 'ജന ആശിര്‍വാദ യാത്ര' യില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ കരണത്തടിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കസ്‌റ്റഡിയില്‍.
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെയാണ് മഹാരാഷ്‌ട്ര പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
പരാമര്‍ശത്തില്‍ നാസിക് പൊലീസ് റാണെയുടെ പേരില്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്‌റ്റ് ഒഴിവാക്കാന്‍ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. റാണെയെ കസ്‌റ്റഡിയില്‍ എടുത്തതോടെ മഹാരാഷ്‌ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലെ തര്‍ക്കം തെരുവില്‍ ഏറ്റുമുട്ടലില്‍ എത്തിയിരിക്കുകയാണ്.
റാണെയുടെ മുംബയിലെ വീട്ടിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ഇരുവിഭാഗവും തമ്മില്‍ ശക്തമായ കല്ലേറുണ്ടായി. റാണെയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് പുറപ്പെട്ടതായാണ് വിവരം.
മന്ത്രിയെ അറസ്‌റ്റ് ചെയ്‌ത ശേഷം രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്‌ട്രപതിയുമായ വെങ്കയ്യ നായിഡുവിനെ വിവരം അറിയിക്കുമെന്ന് നാസിക് പൊലീസ് അറിയിച്ചു. റാണെ മനപൂര്‍വം പ്രശ്‌നം സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപിക്കുന്നത്.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉദ്ദവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മറന്നതാണ് നാരായണ്‍ റാണെയെ പ്രകോപിപ്പിച്ചത്. 'ആ സമയം ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ദവിന്റെ കരണത്തടിച്ചേനെ' എന്നായിരുന്നു റാണെയുടെ പരാമര്‍ശം.
മുന്‍ ശിവസേന നേതാവും മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയുമായിരുന്നു നാരായണ്‍ റാണെ. 2005ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2017ല്‍ തന്നെ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ജൂലായ് മാസത്തില്‍ കേന്ദ്രമന്ത്രിയായി.

No comments