Breaking News

ഡി.സി.സി അധ്യക്ഷ പട്ടികയായി..!! ആറും എട്ടും സമവാക്യം..?? പ്രഖ്യാപനം ഉടൻ..

 


കേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റ് ഉടന്‍ പ്രഖ്യാപിച്ചേക്കും. സോണിയ ഗാന്ധിക്ക് പട്ടിക കൈമാറി.


നിലവിലെ പട്ടിക അനുസരിച്ച്‌ എ ഗ്രൂപ്പിന് ആറും ഐ ഗ്രൂപ്പിന് എട്ടും ഡി.സി.സി അധ്യക്ഷന്‍മാരുണ്ടാകും. സാമുദായിക സമവാക്യകള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ പ്രസക്തി കേരളത്തില്‍ കുറയുന്നുവെന്നും പട്ടികയിലൂടെ വായിക്കാം.


തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കാസര്‍ക്കോട് ജില്ലകളില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തികൊണ്ടാണ് കേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് മുന്‍പില്‍ എത്തിയിരിക്കുന്നത്. കാലങ്ങളായി ഐ ഗ്രൂപ്പ് ഭരിച്ചിരുന്ന തിരുവനന്തപുരം എ ഗ്രൂപ്പിലേക്ക് പോവുകയാണ്. ഇവിടെ ഉമ്മന്‍ ചാണ്ടിയുടെ നോമിനായി പാലോട് രവി ഡി.സി.സി അധ്യക്ഷനാവും.


കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ട് രാജേന്ദ്രപ്രസാദിനെ അധ്യക്ഷനാക്കും. പത്തനംതിട്ടയില്‍ പി.ജെ കുര്യന്റെ നോമിനിയായി സതീഷ് കൊച്ചു പറമ്ബിലും കോട്ടയത്ത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഫില്‍സണ്‍ മാത്യൂസും ഡി.സി.സി പ്രസിഡന്റുമാരാവും. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിന് പ്രാദേശിക എതിര്‍പ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ കെ.പി ശ്രീകുമാറിനെ ഡി.സി.സി അധ്യക്ഷനാക്കുന്നത്.


എറണാകുളത്ത് മുഹമ്മ് ഷിയാസും ഇടുക്കിയില്‍ എസ്. അശോകനും ജില്ലാ അധ്യക്ഷന്‍മാരാവും. അശോകനെ പരിഗണിച്ചത് രമേശ് ചെന്നിത്തലയ്ക്കും നേട്ടമായി. തൃശൂരില്‍ വനിത പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷച്ചെങ്കിലും ഐ ഗ്രൂപ്പിന്റെ ജോസ് വെള്ളൂര്‍ സ്ഥാനം ഉറപ്പിച്ചു.


കോഴിക്കോട് ഐ ഗ്രൂപ്പിന് നേട്ടമായി കൊണ്ട് പ്രവീണ്‍ കുമാര്‍ ജില്ലാ പ്രസിഡന്റാകും. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്നെങ്കിലും അവസാന നിമിഷം വി.എസ് ജോയിയുടെ പേരിലേക്കാണ് നേതൃത്വമെത്തിയത്. പാലക്കാട് എ. തങ്കപ്പനും കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജുമാണ് അവസാന പട്ടികയിലുള്ളത്. വയനാട് രാഹുല്‍ ഗാന്ധിയുടെ താലപര്യത്തോടെയാണ് എന്‍.ഡി അപ്പച്ചന്‍ ഡി.സി.സി അധ്യക്ഷനാവുക. കാസര്‍കോട് സമവാക്യങ്ങള്‍ പരിഗണിച്ചത് പി.കെ ഫൈസലിനും അനുകൂലമായി.

No comments