ഡിസിസി അധ്യക്ഷ നിയമനം; മുതിര്‍ന്ന നേതാക്കളുമായി ഇനി ചര്‍ച്ച വേണ്ടെന്ന് കെപിസിസി നേതൃത്വം, പൊട്ടിത്തെറിക്ക് സാധ്യത..??
ഡിസിസി അധ്യക്ഷ നിയമനത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഇനി ചര്‍ച്ച വേണ്ടെന്ന് കെപിസിസി നേതൃത്വം തീരുമാനിച്ചു.. ചര്‍ച്ചകള്‍ പുനസംഘടന വൈകിപ്പിക്കുമെന്ന വാദമാണ് നേതൃത്വം ഉയര്‍ത്തുന്നത്. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു എന്നാണ് കെപിസിസിയുടെ അവകാശ വാദം. പട്ടിക കൈമാറിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തുന്നത് പുനസംഘടന വൈകാന്‍ കാരണമാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അന്തിമ ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്താതെ തീരുമാനമെടുത്താല്‍ അത് കെപിസിസിക്ക് തലവേദനയാകാനും സാധ്യതയുണ്ട്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികയില്‍ ചില തിരുത്തലുകള്‍ വരുത്തി ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും സാമുദായിക സമവാക്യങ്ങളും പരിഗണിക്കാതെ തയ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ്പുകള്‍ വേണ്ടെന്നും പ്രവര്‍ത്തനമികവാണ് മാനദണ്ഡമെന്നും പ്രഖ്യാപിച്ച കെപിസിസി നേതൃത്വം, കെ സി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണവും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പടെ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരെ അനുനയിപ്പിച്ചതിനു ശേഷം പട്ടിക പ്രഖ്യാപിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശമാണ് സോണിയഗാന്ധി നല്‍കിയത്. പക്ഷേ താരിഖ് അന്‍വര്‍ നടത്തിയ അനുനയ നീക്കം പാളിയതോടെയാണ് പ്രഖ്യാപനം വൈകിപ്പിക്കരുതെന്ന ആവശ്യവുമായി കെപിസിസി നേതൃത്വം രംഗത്തുവന്നിരിക്കുന്നത്
ഇന്ന് ദില്ലിക്ക് തിരിക്കുന്ന കെ സുധാകരന്‍ നാളെ രാഹുല്‍ഗാന്ധി താരിഖ് അന്‍വര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. നേതാക്കളുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഗ്രൂപ്പുകളുടെ കടുംപിടുത്തം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.
അതിനിടയില്‍ ഒരു പുനസംഘടനയുമായി ബന്ധപ്പെട്ട് ശശിതരൂരിനെതിരെ തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തരൂര്‍ വിശ്വസ്തനെ ഡിസിസി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. നേരത്തെ കൊല്ലത്തും കോട്ടയത്തും സമാനമായ രീതിയില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

No comments