'ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാം, അല്ലെങ്കില്‍ പിണറായിയുടെ വേലക്കാരനായി ശിഷ്ടകാലം കഴിയാം'..
പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച എ.വി. ഗോപിനാഥിനോട് പാര്‍ട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടും പാര്‍ട്ടി വിട്ടാല്‍ പിണറായി വിജയന്‍റെ എച്ചിലെടുത്ത് കഴിയേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.
'ഒന്നുകില്‍ ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാം. അല്ലെങ്കില്‍ പിണറായിയുടെ പാര്യമ്ബുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാം.' -തല്ലിയും തലോടിയുമുള്ള ഫേസ്ബുക് പോസ്റ്റില്‍ അനില്‍ അക്കര പറഞ്ഞു.
'സ്നേഹം നിറഞ്ഞ ഗോപിയേട്ടാ' എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റില്‍ പാര്‍ട്ടി നല്‍കിയ പദവികളെ കുറിച്ച് പറയുന്നു. നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കള്‍ എന്തിനാണ് സ്ഥാനമാനങ്ങള്‍ക്ക് പിറകെ ഓടുന്നത്? പെരുങ്ങോട്ടുക്കുറിശ്ശിക്കാര്‍ നിങ്ങളെ ആ നാട്ടിലെ രാജാവാക്കിയത്, പാലക്കാട് ഡി.സി.സി പ്രസിഡന്‍റ് പദവിയില്‍ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോണ്‍ഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങള്‍ പുതിയ തലമുറ ആഗ്രഹിക്കുന്നത്.
നിങ്ങള്‍ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്. പെരുങ്ങോട്ടുക്കുറിശ്ശി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്‍റ്, ബാങ്ക് പ്രസിഡന്‍റ് പദവികള്‍, അവിടെ നിങ്ങള്‍ക്ക് പകരം ആരെങ്കിലും ചോദിച്ചു വന്നിട്ടുണ്ടോ? അല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികള്‍ കൈമാറി മാതൃക കാണിച്ചാല്‍ ഞാന്‍ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാന്‍ ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ പാലക്കാട് കോണ്‍ഗ്രസില്‍ അല്ല പാലക്കാട് മാറ്റാളില്ല. പക്ഷെ നിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പോയാല്‍ അല്പം സമയമെടുത്താലും പെരുങ്ങോട്ടുക്കുറിശ്ശിയില്‍ മറ്റൊരാളുവരും. അത് കാലത്തിന്‍റെ ശീലമാണ്.
നിങ്ങള്‍ക്ക് പുതിയ മേച്ചില്‍ പുറം തേടിപ്പോകാം. അല്ലെങ്കില്‍ ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാം. അതല്ലെങ്കില്‍, പിണറായിയുടെ പാര്യമ്ബുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാം. ഒരു വാക്ക്, ഈ പാര്‍ട്ടിയോടും നിങ്ങളെ നിങ്ങളാക്കിയ പെരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്നേഹമുണ്ടെങ്കില്‍ ഇവിടെ മംഗലശ്ശേരി നീലകണ്ഠനായി വാഴണം -അനില്‍ അക്കര ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

No comments