പരസ്യ പ്രസ്‌താവന നടത്തിയവരുടെ വിവരങ്ങള്‍ കൈമാറണം ; മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ്..!! ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും..
ഡിസിസി അദ്ധ്യക്ഷ പട്ടിക വിഷയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ കടുത്ത നടപടിയുടെ മുന്നറിപ്പ് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്റ്.
പരസ്യപ്രസ്‌താവന പാടില്ലെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശമുണ്ടായിട്ടും കോണ്‍ഗ്രസില്‍ വിവാദമുണ്ടായത് ഗൗരവമായി ഹൈക്കമാന്റ് കാണുന്നതായാണ് സൂചന.
പരസ്യ പ്രതികരണം നടത്തിയ നേതാക്കന്മാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞതായി സൂചന ലഭിച്ചു. ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിച്ചതില്‍ മാറ്റമൊന്നും വരുത്താന്‍ ഹൈക്കമാന്റിന് താല്‍പര്യമില്ല, പക്ഷെ ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് സൂചനയുമുണ്ട്. ഇനിയും ഇവര്‍ നേതൃത്വത്തിനെതിരായി നിലപാടെടുത്താല്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയതായി സൂചനയുണ്ട്. ഇവരുടെ പരാതികള്‍ മെറിറ്റിലെടുക്കേണ്ടെന്ന അഭിപ്രായമാണ് ഹൈക്കമാന്റിലെ മുതിര്‍ന്ന നേതാക്കള്‍ക്കുളളത്.
കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പൂര്‍ണ പ്രവര്‍ത്തന സ്വതന്ത്ര്യം ഹൈക്കമാന്റ് നല്‍കുന്നു.അതേസമയം താരിഖ് അന്‍വറിനെ കേരളത്തിന്റെ ചുമതലയില്‍ നിന്നും നീക്കണമെന്ന് സംസ്ഥാനത്തെ ചിലര്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആലോചനയിലേക്കൊന്നും ഹൈക്കമാന്റ് കടന്നിട്ടില്ല.
അച്ചടക്ക നടപടി പ്രഖ്യാപിച്ച നേതാക്കള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്‌തതായാണ് നോട്ടീസിലുളളത്. കെ.പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കുമാണ് ഇങ്ങനെ നോട്ടീസ് നല്‍കിയത്.

No comments