Breaking News

പാര്‍ട്ടിയുടെ പോക്ക്‌ കണ്ണടച്ച്‌, പലതും കണ്ടില്ലെന്ന് നടിക്കുന്നു, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം..

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സുഷ്മിതാ ദേവി പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സിബലിന്റെ വിമര്‍ശനം. പാര്‍ട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്‌ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പാര്‍ട്ടിയില്‍ അഴിച്ചുപണി ഉടന്‍ വേണമെന്നും യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് മുതിര്‍ന്ന നേതാക്കളാണെന്നും സിബല്‍ പറഞ്ഞു. നേരത്തേ പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.


അതേസമയം, ജനസ്വാധീനമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത് തുടരുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് സുഷ്മിതാ ദേവി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. വര്‍ഷം ഏറെ കഴിഞ്ഞെങ്കിലും അതിനുശേഷം ഒരു മുഴുനീള അദ്ധ്യക്ഷന്‍ പാര്‍ട്ടിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പാര്‍ട്ടിയില്‍ വലിയ പ്രശ്നങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ്, ജ്യോതിരാദിത്യ തുടങ്ങി നിരവധി നേതാക്കളാണ് നേതൃത്വവുമായി കലഹിച്ച്‌ പാര്‍ട്ടി വിട്ടത്. ഇതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും പാര്‍ട്ടി തീരെ ഇല്ലാത്ത അവസ്ഥയിലാണ്. സച്ചിന്‍ പൈലറ്റിനെപ്പോലുളള നേതാക്കള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞുനില്‍ക്കുകയാണ്. സച്ചിനെ അനുനയിപ്പിച്ച്‌ കൂടെ നിറുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സുഷ്മിതാ ദേവി ഇന്ന് രാജിവച്ചത്.

No comments