Breaking News

'ലീഡറോട് ആ പ്രോജക്‌ടിനെ കുറിച്ച്‌ അഭിപ്രായം തേടിയയുടന്‍ വന്നു മറുപടി '; മുഖ്യമന്ത്രി കരുണാകരനോട് ചോദിച്ച ചോദ്യത്തിന് ഡി ബാബുപോളിന് കിട്ടിയ രസകരമായ മറുപടി ഇതായിരുന്നു..

 


പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാരേക്കാള്‍ ശോഭിക്കുവാന്‍ ഐ.എ.എസുകാര്‍ക്ക് കഴിയുമോ ? ചര്‍ച്ചയില്‍ പങ്കെടുത്ത ബാബുപോള്‍ സാര്‍ തന്റെ ഒരു അനുഭവം പറഞ്ഞു. അദ്ദേഹം സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ വകുപ്പില്‍ ഒരു പ്രൊപ്പോസല്‍ വന്നു. കനകക്കുന്ന് ചുറ്റുമോ മറ്റോ ആണെന്ന് തോന്നുന്നു 150 പ്രമുഖരുടെ സ്മാരകങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ചുരുക്കം. ആ പ്രൊജക്ടിനെ സംബന്ധിച്ച്‌ താനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം ചിന്തിച്ചത് ഈ 150 പേരെ എങ്ങനെ കണ്ടെത്തും എന്നുള്ളതാണ്. തെക്കന്‍ തിരുവിതാംകൂര്‍, മധ്യതിരുവിതാംകൂര്‍, വടക്കേ മലബാര്‍ പ്രാതിനിധ്യം വേണം, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രാതിനിധ്യം വേണം.എന്നിങ്ങനെ പോയി ചിന്തകളും ചര്‍ച്ചകളും.


കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലമായിരുന്നു അത്. ഒരു മീറ്റിംഗില്‍ മുഖ്യമന്ത്രി കരുണാകരനോടൊപ്പം പങ്കെടുക്കുവാന്‍ ബാബുപോളിന് സാധിപ്പോള്‍ ഇടയ്ക്ക് കിട്ടിയ ചുരുങ്ങിയ സമയത്തില്‍ പ്രോജക്ടിനെക്കുറിച്ച്‌ കരുണാകരനോട് ചുരുക്കി വിവരിച്ചു. 'സി. എമ്മിന്റെ അഭിപ്രായം എന്താണ്'. ബാബുപോള്‍ കരുണാകരനോട് ചോദിച്ചു. ഉടന്‍ വന്നു മറുപടി. 'സെമിത്തേരി പോലെയിരിക്കും.' അതോടെ പദ്ധതിക്ക് ഫുള്‍സ്റ്റോപ്പായി. പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാര്‍ക്കുള്ള കോമണ്‍സെന്‍സ് ഐ.എ.എസ്സുകാര്‍ക്ക് ഉണ്ടാവണമെന്നില്ല എന്നത് ഭംഗിയായി ബാബുപോള്‍ സാര്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു.


സിവില്‍ സര്‍വിസിലെ ഏറ്റവും ജനകീയനായ ഉദ്യോഗസ്ഥനായിരുന്ന ബാബുപോളിനോട് ഒരിക്കല്‍ കൂട്ടുകാരന്‍ കൂടിയായ എസ്. കൃഷ്ണകുമാര്‍ നമുക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാം എന്ന് പറഞ്ഞു. 'കൃഷ്ണകുമാര്‍ മന്ത്രിയായിക്കോളൂ, ഞാന്‍ ചീഫ് സെക്രട്ടറി ആയിക്കോളാം' എന്നായിരുന്നു ബാബു പോളിന്റെ മറുപടി. കൃഷ്ണകുമാര്‍ പിന്നീട് ഐ.എ.എസില്‍ നിന്ന് രാജി വച്ച്‌ എം.പിയും കേന്ദ്ര മന്ത്രിയും ആയി . ബാബു പോള്‍ തന്റെ കര്‍മപഥത്തില്‍ തന്നെ തുടര്‍ന്നു.


കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്ന കാലയളവില്‍ ബാബുപോളിന്റെ മസ്തിഷ്‌കത്തില്‍ ഉദിച്ച ആശയമായിരുന്നു വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍. അതിന്റെ ഉദ്ഘാടനം നടന്നത് ബാബു പോള്‍ റിട്ടയര്‍ ചെയ്തതിനു ശേഷമാണ്. സ്രഷ്ടാവായ ദൈവം ചില കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പിച്ചു അത് ചെയ്തു എന്ന ചാരിതാര്‍ത്ഥ്യത്തോടെ സിവില്‍ സര്‍വീസ് രംഗത്ത് നിന്ന് ബാബു പോള്‍ പടിയിറങ്ങി. രാഷ്ട്രീയത്തില്‍ ഇറങ്ങാതെ എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കള്‍ക്കും പ്രീയങ്കരനായിരുന്ന ബാബു പോള്‍ എന്ന നക്ഷത്രം അസ്തമിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു.

No comments