കോട്ടയം ജില്ല കോണ്‍ഗ്രസ് അധ്യക്ഷപദം പോര് ; ഉമ്മന്‍ ചാണ്ടിയെ മൂലക്കിരുത്തുന്നു, 'എ' ഗ്രൂപ്പില്‍ ഭിന്നത..
കോട്ടയം: പുതിയ ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കാനിരിക്കെ, കോട്ടയത്തെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം.
ചേരിതിരിവിനിടെ േനതാക്കള്ക്കെതിരെ ആക്ഷേപങ്ങളുമായി കോട്ടയം നഗരത്തില്‍ പോസ്റ്ററുകള്‍. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് കോട്ടയം ഡി.സി.സി ഓഫിസിന് മുന്നിലും നഗരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'സേവ് കോണ്‍ഗ്രസ്' എന്നപേരിലുള്ള പോസ്റ്ററുകളില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും ചൂതാട്ടകേന്ദ്രവും നടത്തുന്നവനോ? ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിെന്റ അന്തകനോ...? എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷും ഡി.സി.സി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസുമാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതില്‍ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന. ഇതിനിടെയാണ് ആക്ഷേപ പോസ്റ്ററുകള്‍.
എന്നാല്‍, നാട്ടകം സുരേഷിെന്റ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഇതുവരെ സമ്മതം മൂളിയിട്ടില്ല. സ്വന്തം ജില്ലയിലെ ഡി.സി.സി പ്രസിഡന്റിനെ തീരുമാനിച്ചത് തന്നോട് ആലോചിക്കാതെയാണെന്ന ആക്ഷേപമാണ് ഉമ്മന്‍ ചാണ്ടി ഉയര്‍ത്തുന്നത്.
കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചന നടത്തി അദ്ദേഹത്തിെന്റ താല്പര്യമനുസരിച്ചാകും പ്രസിഡന്റിനെ നിശ്ചയിക്കുകയെന്ന ധാരണ കെ.പി.സി.സി അട്ടിമറിച്ചതയാണ് 'എ' ഗ്രൂപ്പിെന്റ പരാതി.
നേരത്തേ ഫില്‍സണ്‍ മാത്യൂസ്, യൂജിന്‍ തോമസ്, ജോമോന് ഐക്കര എന്നിവരുടെ പേരുകളായിരുന്നു 'എ'ഗ്രൂപ്പ് നിര്‍ദേശിച്ചത്. എന്നാല്‍, എ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി പുതിയ ഒരാളെ പ്രസിഡന്റാക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രമം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ചേര്‍ന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, നാട്ടകം സുരേഷിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ജില്ലയിലെ 'എ' വിഭാഗത്തില്‍ ഉടലെടുത്ത ഭിന്നതയാണ് ഇതിലും പ്രതിഫലിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശെന്റ പിന്തുണയും നാട്ടകം സുരേഷിന് തുണയായി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.ടി. തോമസ് എം.എല്‍.എയും നാട്ടകം സുരേഷിനായി രംഗത്തുണ്ടായിരുന്നു.
പ്രസിഡന്റ് സ്ഥാനം ഇത്തവണ ഐ വിഭാഗത്തിനുവേണമെന്നാവശ്യം രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.
കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, ബിജു പുന്നത്താനം എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് 'ഐ' വിഭാഗം നിര്‍ദേശിച്ചത്. എന്നാല്‍, ഗ്രൂപ് നേതൃത്വം നിര്‍ദേശിച്ച ആളുകളെ കൂടാതെ മറ്റ് പേരുകള്‍കൂടി കെ.പി.സി.സി ഉള്‍പ്പെടുത്തുകയും ഇത് ഹൈകമാന്‍ഡിന് സമര്‍പ്പിക്കുകയുമായിരുന്നു. ഇതില്‍ അമര്‍ഷത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍.
ഇതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിെന്റ നേതൃത്വത്തില്‍ 'വി' ഗ്രൂപ്പും ജില്ലയില്‍ സജീവമാണ്. ജോസി സെബാസ്റ്റ്യനെ ഗ്രൂപ്പിന് അതീതമായി പ്രസിഡന്റാക്കണമെന്ന നിര്‍ദേശം ഇവര്‍ ഹൈകമാന്‍ഡിന് മുന്നില്െവച്ചിട്ടുണ്ട്. ഗ്രൂപ്പിന് അതീതനായ ടോമി കല്ലാനിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ കെ. സുധാകരനെയും ഹൈകമാന്‍ഡിനെയും സമീപിച്ചിട്ടുണ്ട്. സാധാരണ പ്രവര്‍ത്തകരിലേറെയും ടോമി കല്ലാനിയെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്.
No comments