മകനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കിയതിൽ നിലപാട് വ്യക്തമാക്കി തിരുവഞ്ചൂർ..!! ഞങ്ങൾ തമ്മിൽ..
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന്‍ അര്‍ജുനെ ഒഴിവാക്കിയത് സംഘടനയിലെ ആഭ്യന്തര കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയമാണ്. മകന്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വിവാദമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. മകന്‍റെ നിയമനത്തില്‍ ഇടപ്പെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന് അവരുടേതായ നിഗമനങ്ങള്‍ ഉണ്ടാകും. താനൊരു സാധുവാണെന്നും തന്നെ ആരും ലക്ഷ്യം വെക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. താനും അര്‍ജുനും തമ്മില്‍ അച്ഛന്‍-മകന്‍ ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഒരുമിച്ച് പോകണമെന്ന് പറയുന്നതില്‍ എന്ത് നിലപാട് വ്യത്യാസമാണുള്ളത്. അത് എല്ലാവരുടെയും പൊതു ആവശ്യമാണ്. ഈ നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം 72 പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് തീരുമാനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. അര്‍ജുന്‍ അടക്കം അഞ്ചു മലയാളികള്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.
വക്താക്കളുടെ പട്ടികയില്‍ ചില ആശയകുഴപ്പം ഉള്ളതിനാല്‍ നിയമനം മരവിപ്പിച്ചെന്നും കേരളത്തിലെ വക്താക്കളുടെ പേരുകളില്‍ പ്രശ്നമില്ലെന്നും ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് തെരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു.

No comments